കാൻസർ ശസ്ത്രക്രിയ; പുടിൻ അവധിയിൽ പ്രവേശിച്ചതായി റിപ്പോർട്ട്

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ കാൻസർ ശസ്ത്രക്രിയയ്ക്കായി അവധിയിൽ പ്രവേശിച്ചെന്ന് റിപ്പോർട്ട്. പുടിന്റെ വിശ്വസ്തനും സുരക്ഷാ കൗണ്‍സിൽ സെക്രട്ടറിയുമായ നിക്കോളായി പട്രുഷേവിനെ പകരം ചുമതലയേൽപ്പിച്ചതായാണ് റിപ്പോർട്ട്. പാർക്കിൻസൺസ് രോഗമുൾപ്പെടെ പുടിനെ അലട്ടുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ കുറച്ചുകാലങ്ങളായി വാർധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങൾ പുടിനെ അലട്ടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഭരണമാറ്റം സംബന്ധിച്ച് നിക്കോളായി പട്രുഷേവുമായി പുടൻ മണിക്കൂറുകളോളം ചർച്ച നടത്തി. സർക്കാരിന്റെ ഉത്തരവാദിത്തങ്ങൾ വിശ്വസിച്ച് ഏൽപ്പിക്കാൻ പറ്റുന്നത് പട്രുഷേവിനെയാണെന്നും ആരോഗ്യനില കൂടുതൽ മോശമായാൽ സർക്കാരിന്റെ പൂർണചുമതല പട്രുഷേവിനായിരിക്കുമെന്നും പുടിൻ അദ്ദേഹത്തെ അറിയിച്ചു എന്നാണ് റിപ്പോർട്ട്. അതേസമയം, പട്രുഷേവ് പുടിനെക്കാൾ ക്രൂരനാണെന്നും അദ്ദേഹം അധികാരത്തിലെത്തിയാൽ റഷ്യയുടെ പ്രശ്‌നങ്ങൾ പല മടങ്ങായി വർധിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.എന്നാൽ അധിക കാലത്തേക്ക് പുടിൻ ഭരണം കൈമാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഭരണ മാറ്റം സംബന്ധിച്ച വാർത്ത റഷ്യ സ്ഥിരീകരിച്ചിട്ടില്ല. വാർത്തയിലെ വിവരങ്ങൾ സ്ഥിരീകരിക്കാൻ യുഎസ് പ്രതിരോധ മന്ത്രാലയത്തിനും കഴിഞ്ഞിട്ടില്ല. പുടിന്റെ ആരോഗ്യം സംബന്ധിച്ച് സമാനമായ വിവരങ്ങൾ അമേരിക്കയുടെ പക്കൽ ഇല്ലെന്ന് പെന്റഗണ്‍ വക്താവ് ജോൺ കിർബി അറിയിച്ചു.