സോളാർ‍ കേസ്; തെളിവെടുപ്പിന്റെ ഭാഗമായി സിബിഐ ക്ലിഫ് ഹൗസിൽ


സോളാർ‍ പീഡനക്കേസിലെ അന്വേഷണ നടപടികളുടെ ഭാഗമായി സിബിഐ ക്ലിഫ് ഹൗസിൽ‍. മുൻ‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരായ പരാതിയിൽ‍ തെളിവെടുപ്പുകളുടെ ഭാഗമായാണ് സിബിഐ സംഘം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ‍ എത്തിയത്. പരാതിക്കാരിയുമായി നേരിട്ടെത്തിയാണ് തെളിവെടുപ്പ്. ആറ് എഫ്‌ഐആറുകളാണ് സോളാർ‍ പീഡനക്കേസുമായി രജിസ്റ്റർ‍ ചെയ്തിട്ടുള്ളത്. ഇതിൽ‍ മുന്‍മുഖ്യമന്ത്രി ഉമ്മൻ‍ ചാണ്ടിക്ക് എതിരെയുള്ള പരാതിയിലാണ് ക്ലിഫ് ഹൗസിലെ നടപടി. 2012 ആഗസ്റ്റ് 19ന് ക്ലിഫ് ഹൗസിൽ‍ വച്ച് ഉമ്മന്‍ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ ആരോപണം. ആദ്യഘട്ടത്തിൽ‍ കേരള പൊലീസ് അന്വേഷിച്ച കേസിൽ‍ ഉമ്മൻ‍ ചാണ്ടിയ്‌ക്കെതിരെ തെളിവില്ലെന്ന് റിപ്പോർ‍ട്ട് സമർ‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ പരാതിക്കാരി കേസ് സിബിഐയ്ക്ക് വിടണമെന്ന് സംസ്ഥാന സർ‍ക്കാരിനോടു ആവശ്യപ്പെടുകയായിരുന്നു. ഇതോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു കേസ് സംസ്ഥാന സർ‍ക്കാർ‍ സിബിഐക്ക് വിട്ടത്.

പരാതിക്കാരിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ‍ കണ്ടെത്താനായില്ലെന്നു പൊലീസ് സ്വീകരിച്ചത്. പരാതിക്കാരി ഉമ്മൻചാണ്ടിയെ ക്ലിഫ് ഹൗസിൽ‍ വെച്ചു കണ്ടതിനു തെളിവില്ലെന്നായിരുന്നു പൊലീസ് നിലപാട്. എന്നാൽ‍ ഇക്കാര്യങ്ങൾ‍ തള്ളുന്നതാണ് സിബിഐയുടെ പ്രാഥമിക അന്വേഷണ റിപ്പോർ‍ട്ട്. സോളാർ‍ പീഡന കേസിൽ‍ കഴിഞ്ഞ ഓഗസ്റ്റിൽ‍ സിബിഐ എഫ്‌ഐആർ‍ സമർ‍പ്പിക്കുയും ചെയ്തിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവരെ പ്രതികളാക്കിയാണ് എഫ്‌ഐആർ‍. സിബിഐ തിരുവനന്തപുരം യൂണിറ്റ്, തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയിൽ‍ സമർ‍പ്പിച്ച എഫ്‌ഐആറിൽ‍ ഉമ്മൻചാണ്ടിയ്ക്ക് പുറമെ കെ സി വേണുഗോപാൽ‍, ഹൈബി ഈഡൻ‍, അടൂർ‍ പ്രകാശ്, എ പി അനിൽ‍കുമാർ‍, ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി എന്നിവരും പ്രതികളാണ്.

You might also like

Most Viewed