അഫ്ഗാനിസ്ഥാനിൽ താടിയില്ലാത്തവരെ സർക്കാർ സർവീസിൽ നിന്നും വിലക്കി താലിബാൻ
അഫ്ഗാനിസ്ഥാനിൽ, താടിയില്ലാത്തവരെ താലിബാന്‍ സർക്കാർ സർവീസിൽ നിന്നും തഴയുന്നതായി റിപ്പോർട്ട്. സർക്കാർ സർവീസിലുള്ളവർക്കെല്ലാം താടിയുണ്ട്, അവർ ഡ്രസ് കോഡ് കൃത്യമായി പാലിക്കുന്നുണ്ട് എന്ന് പരിശോധിച്ച ശേഷമാണ് ഓഫീസുകളിലേക്ക് കടത്തിവിടുന്നതെന്ന് കഴിഞ്ഞദിവസം റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അല്ലാത്തപക്ഷം ജീവനക്കാർ പിരിച്ചുവിടൽ അടക്കമുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു. താലിബാൻ സർക്കാരിന്റെ പബ്ലിക് മൊറാലിറ്റി മന്ത്രാലയമാണ് ഇക്കാര്യത്തിൽ പരിശോധന നടത്തുന്നത്. തിങ്കളാഴ്ച സർക്കാർ ഓഫീസുകളുടെ പ്രവേശന കവാടങ്ങളിൽ മന്ത്രാലയത്തിന്റെ ആളുകൾ പട്രോളിങ് നടത്തിയതായും പറയുന്നു. താടി വടിക്കരുതെന്നും പ്രാദേശിക വസ്ത്രം തന്നെ ധരിക്കണമെന്നും മിനിസ്ട്രി ഫോർ ദ പ്രൊപ്പഗേഷൻ ഓഫ് വിർച്യൂ ആൻഡ് പ്രിവൻഷൻ ഓഫ് വൈസ് വക്താവ് എല്ലാ സർക്കാർ ജീവനക്കാർക്കും നിർദേശം നൽകിയിട്ടുണ്ട്. കൃത്യസമയത്ത് മതപരമായ പ്രാർത്ഥനകൾ നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സർക്കാർ പ്രതിനിധികൾ നിർദേശിച്ചതായാണ് റിപ്പോർട്ട്.
കഴിഞ്ഞദിവസം, പുരുഷന്മാരുടെ എസ്‌കോർട്ടില്ലാതെ സ്ത്രീകൾ വിമാനത്തിൽ സഞ്ചരിക്കുന്നത് താലിബാൻ സർക്കാർ നിരോധിച്ചതായും റിപ്പോർട്ട് വന്നിരുന്നു. ആഭ്യന്തര− അന്താരാഷ്ട്ര ഫ്ളൈറ്റുകൾ കയറാനെത്തുന്ന സ്ത്രീകൾക്കൊപ്പം നിർബന്ധമായും ഒരു പുരുഷൻ ഉണ്ടായിരിക്കണമെന്നാണ് താലിബാൻ സർക്കാർ നൽകിയ നിർദേശം. പുതിയ നിയന്ത്രണങ്ങൾ സംബന്ധിച്ച് താലിബാൻ ശനിയാഴ്ച എയർലൈനുകൾക്ക് കത്തയച്ചിട്ടുണ്ട്.
