നിലനിൽപ്പിന് ഭീഷണിയായാൽ മാത്രം ആണവായുധം പ്രയോഗിക്കമെന്ന് റഷ്യ
യുക്രൈൻ അധിനിവേശം കടുക്കുന്ന പശ്ചാത്തലത്തിൽ ആണവായുധം പ്രയോഗിക്കുമോ എന്ന ലോകത്തിന്റെ ആശങ്കകൾക്ക് മറുപടി പറഞ്ഞ് റഷ്യ. റഷ്യയുടെ നിലനിൽപ്പ് ഭീഷണിയിലായാൽ മാത്രമേ ആണവായുധം പ്രയോഗിക്കൂ എന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. യുക്രൈനിലെ നിലവിലെ സാഹചര്യത്തിൽ ആണവായുധം പ്രയോഗിക്കേണ്ട ആവശ്യമില്ലെന്നും റഷ്യ വ്യക്തമാക്കി.
റഷ്യയുടെ ആഭ്യന്തര സുരക്ഷാ നയങ്ങൾ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും അതിൽ ആണവായുധങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ഭാഗങ്ങൾ ആർക്കും പരിശോധിക്കാമെന്നും റഷ്യ പറഞ്ഞു. ഒരു കാരണവശാലും യുക്രൈൻ വിഷയം ആണവയുദ്ധത്തിലേക്ക് നീങ്ങില്ലെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് മുന്‍പ് പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവസാന ആയുധമായി മാത്രം ആണവായുധങ്ങൾ ഉപയോഗിക്കുമെന്ന് ക്രെലിന്‍ വക്താവ് സൂചിപ്പിച്ചിരിക്കുന്നത്.
അതേസമയം യുക്രൈനിലെ പ്രധാന നഗരങ്ങളിൽ റഷ്യന്‍ സേന ശക്തമായ ആക്രമണം തുടരുകയാണ്. കിഴക്കൻ യുക്രൈനിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് എട്ട് പേരെയാണ് രക്ഷപ്പെടുത്തിയത്. രാജ്യത്തെ 62 ആരോഗ്യ കേന്ദ്രങ്ങൾക്ക് നേരെ നടന്ന റഷ്യൻ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചു. യുദ്ധം തുടങ്ങി ഇതുവരെ ഹർക്കീവിൽ മാത്രം 1000 കെട്ടിടങ്ങളാണ് നിലം പൊത്തിയത്.
