ഹൈദരാബാദിൽ ആക്രി ഗോഡൗണിൽ തീപ്പിടിത്തം; 11 അതിഥി തൊഴിലാളികൾ മരിച്ചു
ഹൈദരാബാദ് ഭോയ്ഗുഡയിലെ ആക്രി ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തിൽ 11 അതിഥി തൊഴിലാളികൾ വെന്തുമരിച്ചു. ബിഹാറിൽ നിന്നുള്ള തൊഴിലാളികളാണ് ഇവർ. എട്ട് മൃതദേഹങ്ങളും പുറത്തെടുത്ത് കൂടുതൽ നടപടിക്രമങ്ങൾക്കായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയതായി ഡിസിപി അറിയിച്ചു. സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷന് സമീപം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന റെസിഡൻഷ്യൽ കോളനിയിലാണ് ഗോഡൗൺ സ്ഥിതി ചെയ്യുന്നത്. പുലർച്ചെ നാലു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. ഈ സമയം ഗോഡൗണിന്‍റെ മുകൾ നിലയിൽ തൊഴിലാളികൾ ഉറങ്ങുകയായിരുന്നു. 13 ഓളം പേരുണ്ടായിരുന്നു ഇവർ.
ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികാന്വേഷണം. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. എട്ടു ഫയർ എഞ്ചിനുകളുടെ സഹായത്തോടെ രാവിലെ 7 മണിയോടെയാണ് തീ അണച്ചത്. സംഭവസ്ഥലം സന്ദർശിച്ച മന്ത്രി തലസാനി ശ്രീനിവാസ യാദവ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്തു.
