അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് താലിബാൻ പങ്കെടുക്കണമെന്ന് പാക്കിസ്ഥാൻ; സാർ‍ക്ക് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ യോഗം റദ്ദാക്കി


ന്യൂഡൽഹി: ന്യൂയോർ‍ക്കിൽ‍ ശനിയാഴ്ച നടക്കാനിരുന്ന സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ‍ റീജിയണൽ‍ കോ−ഓപ്പറേഷൻ(സാർ‍ക്ക്) രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ യോഗം റദ്ദാക്കി. സമ്മേളനത്തിൽ‍ അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് താലിബാൻ പങ്കെടുക്കണമെന്ന് പാക്കിസ്ഥാൻ‍ ആവശ്യപ്പെട്ടതിനെ തുടർ‍ന്നാണ് യോഗം റദ്ദാക്കിയതെന്നാണ് സൂചന. ഈ നിർ‍ദേശത്തെ ഇന്ത്യയും മറ്റ് ചില രാജ്യങ്ങളും എതിർ‍ത്തതോടെയാണ് യോഗം റദ്ദാക്കിയത്. ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തോട് അനുബന്ധിച്ച് എല്ലാ വർ‍ഷവും ഈ യോഗം നടത്താറുണ്ട്.  താലിബാനെ ഇന്ത്യ ഇതുവരെയും അംഗീകരിച്ചിട്ടില്ല. കൂടാതെ പല ലോക രാജ്യങ്ങളും കാബൂളിലെ പുതിയ ഭരണത്തെ അംഗീകരിച്ചിട്ടില്ല. മാത്രമല്ല അഫ്ഗാനിസ്ഥാനിലെ പല കാബിനറ്റ് മന്ത്രിമാരും യുഎന്നിന്‍റെ കരിന്പട്ടികയിൽ‍ പേരുള്ളവരാണ്.

അഫ്ഗാനിലെ താലിബാൻ‍ സർ‍ക്കാരിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കഴിഞ്ഞയാഴ്ച നടന്ന ഷാങ്ഹായി ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. അഫ്ഗാനിലെ ഭരണത്തെ അംഗീകരിക്കുന്നതിനു മുന്‍പ് ലോകം ചിന്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. താലിബാൻ സർ‍ക്കാരിൽ‍ സ്ത്രീകൾ‍ക്കും ന്യൂനപക്ഷങ്ങൾ‍ക്കും പ്രാതിനിധ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗ്ലാദശ്, ഭൂട്ടാൻ, ഇന്ത്യ, മാലിദ്വീപ്, നേപ്പാൾ‍, പാക്കിസ്ഥാൻ‍, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് സാർ‍ക്കിൽ‍ അംഗത്വമുള്ള രാജ്യങ്ങൾ‍.

You might also like

Most Viewed