18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സൗജന്യമായി വാക്‌സിൻ നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി


ന്യൂഡൽഹി : പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് സൗജന്യമായി വാക്‌സിൻ നൽകാൻ തീരുമാനിച്ച് ഡൽഹി സർക്കാർ. മെയ് 1 മുതൽ എല്ലാവർക്കും വാക്‌സിൻ നൽകണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചതിന് പിന്നാലെയാണ് തീരുമാനം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് ഇക്കാര്യം അറിയിച്ചത്.

18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സൗജന്യമായി വാക്‌സിൻ നൽകുമെന്നും 1.34 കോടി ഡോസ് വാക്‌സിൻ വാങ്ങാനുള്ള അനുമതി നൽകിയിട്ടുണ്ടെന്നും കേജരിവാൾ വ്യക്തമാക്കി. വളരെ വേഗത്തിൽ കുത്തിവെപ്പ് ആരംഭിക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ ഉത്തർപ്രദേശ്, ജമ്മു കശ്മീർ, ബിഹാർ, മഹാരാഷ്ട്ര, അസം, മദ്ധ്യപ്രദേശ്, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഹിമാചൽ പ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന, സിക്കിം, പശ്ചിമബംഗാൾ, തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സൗജന്യമായി വാക്‌സിൻ നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നു. തുടർന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാക്‌സിൻ സൗജന്യമായി നൽകുന്നത് തുടരുമെന്നറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധനും രംഗത്തെത്തി. 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ സൗജന്യമായി നൽകുമെന്ന സംസ്ഥാനങ്ങളുടെ തീരുമാനം സ്വാഗതാർഹമാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.

You might also like

Most Viewed