ബ്രിട്ടനിൽ കോവിഡ് നിരക്കിൽ ഗണ്യമായ കുറവ്
ലണ്ടൻ: ദിവസേന രണ്ടായിരം പേർ മരിക്കുന്ന സ്ഥിതിയിൽനിന്നും 17 പേർ മരിക്കുന്ന സ്ഥിതിയിലേക്ക് കോവിഡിനെ നിയന്ത്രിച്ച ബ്രിട്ടനിൽ വരാനിരിക്കുന്നത് പ്രതീക്ഷയുടെ വസന്തകാലം. വാക്സിനേഷൻ പുരോഗമിക്കുന്തോറും ദിവസേന രോഗികളാകുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവാണ് അനുഭവപ്പെടുന്നത്. ജനുവരി ആദ്യവാരം ദിവസേന അറുപതിനായിരത്തോളം പേർ രോഗികളായിരുന്ന ബ്രിട്ടനിൽ ഇപ്പോൾ ദിവസേന രോഗികളാകുന്നത് അയ്യായിരത്തോളം പേർ മാത്രമാണ്. യൂറോപ്പിലെ ഇരുപതിലേറെ രാജ്യങ്ങളിലും അനുദിനം കോവിഡ് കേസുകൾ കുതിച്ചുയരുന്പോഴാണ് ബ്രിട്ടനിൽ പുതിയ കേസുകളും മരണനിരക്കും കുറയുന്നത്.
ജനസംഖ്യയുടെ പകുതിയോളം പേർക്ക് കോവിഡ് വാക്സീന്റെ ആദ്യഡോസ് നൽകിക്കഴിഞ്ഞ ബ്രിട്ടൻ ഏപ്രിൽ പകുതിയോടെ അന്പതു കഴിഞ്ഞ എല്ലാവരിലും വാക്സിനേഷൻ പൂർത്തിയാക്കും. പ്രതിദിനം എട്ടുലക്ഷത്തോളം പേർക്കാണ് ബ്രിട്ടനിൽ ഇപ്പോൾ വാക്സീൻ നൽകുന്നത്. യൂറോപ്യൻ രാജ്യങ്ങളിലെ മൂന്നാം വേവ് ബ്രിട്ടീഷ് തീരങ്ങളിലും എത്താനുള്ള സാധ്യത ഏറെയാണെങ്കിലും അതിനെ ഫലപ്രദമായി നേരിടാനാകുമെന്ന പ്രതീക്ഷയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രകടിപ്പിക്കുന്നത്.
446 മിൽയൺ ജനസംഖ്യയുള്ള 27 യൂറോപ്യൻ രാജ്യങ്ങളിൽ കേവലം 12 ശതമാനം പേർക്കു മാത്രമാണ് ഇതുവരെ വാക്സീൻ ലഭ്യമായിട്ടുള്ളത്. എന്നാൽ 67 മിൽയൺ ജനസംഖ്യയുള്ള ബ്രിട്ടനിൽ 40 ശതമാനത്തിലേറെ ആളുകൾക്ക് വാക്സീൻ നൽകിക്കഴിഞ്ഞു. ഇതാണ് ബ്രിട്ടനെ മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നത്. എല്ലായിടത്തും രോഗവ്യാപനം വർധിക്കുന്പോഴും വാക്സിനേഷന്റെ ഫലംകൊണ്ടുതന്നെയാണ് ബ്രിട്ടൻ ഈ നേട്ടം കൈവരിക്കുന്നത്.
ഇതിനിടെ നെതർലൻഡ്, ബൽജിയം തുടങ്ങിയ രാജ്യങ്ങളിൽ ബ്രിട്ടനായി നിർമിക്കുന്ന വാക്സീന്റെ കയറ്റുമതി തടയാനുള്ള നീക്കത്തിലാണ് യൂറോപ്യൻ യൂണിയൻ. കയറ്റുമതി തടഞ്ഞാൽ അത് നിലവിലെ വാക്സിനേഷന്റെ വേഗത കുറയ്ക്കും. സാങ്കേതിക വിദ്യ ബ്രിട്ടന്റെയാണെങ്കിലും യൂറോപ്പിൽ നിർമിക്കുന്ന വാക്സിൻ യൂറോപ്യൻ രാജ്യങ്ങൾക്ക് ഉള്ളതാണെന്ന നിലപാടാണ് ഇപ്പോൾ അവർ സ്വീകരിക്കുന്നത്. ഇന്ത്യയിലും നെതർലൻസിലുമാണ് ആസ്ട്രാ സെനിക്ക വാക്സിന്റെ നിർമാണം ഏറിയപങ്കും നടക്കുന്നത്.
യൂറോപ്യൻ യൂണിയൻ കടുംപിടുത്തം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയെ ആശ്രയിച്ച് കൂടുതൽ ഡോസ് വാക്സീനുകൾ എത്തിക്കാനാകും ബ്രിട്ടൻ ശ്രമിക്കുക. അടുത്തമാസം ആദ്യം ഇന്ത്യയിൽ സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇക്കാര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയുമായി വിശദമായ ചർച്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ.

