തട്ടിക്കൊണ്ടുപോകപ്പെട്ട യു.എൻ. ഉദ്യോഗസ്ഥന്റെ വീഡിയോ പുറത്തുവിട്ട് ബൊക്കോ ഹറാം
മൈദുഗുരി: ബൊക്കോ ഹറാം ഭീകരരുടെ തടവിലുള്ള ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥന്റെ വീഡിയോ പുറത്ത്. ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥി വിഷയങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്റെ വീഡിയോ സന്ദേശമാണ് പുറത്തുവന്നത്. തന്നെ ഏതു വിധേനയെങ്കിലും രക്ഷിക്കണമെന്ന് അപേക്ഷിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. ബോർണോ സംസ്ഥാനത്തിലെ ദേശീയപാതയിൽ വെച്ചാണ് ബൊക്കോ ഹറാം ഭീകരന്മാർ ഐക്യരാഷ്ട്രസഭയുടെ ഉദ്യോഗസ്ഥനായ ഇദ്രിസ് അലോമയെ കടത്തിയത്. ജനുവരി മൂന്നാം തീയതിയാണ് ഭീകരർ അലോമയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ആദ്യമായാണ് അലോമയെ സംബന്ധിച്ച വിവരം ബൊക്കോ ഹറാം പുറത്തുവിടുന്നത്.
‘ ദൈവമേ സമാധാനം നിന്റെ പക്കലാണ്. എന്റെ പേര് ഇദ്രിസ് അലോമ എന്നാണ്. ഞാൻ ഐക്യരാഷ്ട്ര സംഘടനയിൽ പ്രവർത്തിക്കുകയാണ്. എന്റെ മോചനത്തി നായി നൈജീരിയൻ ഭരണകൂടവുമായി സംസാരിക്കണം. ഐക്യരാഷ്ട്ര സംഘടന ഉടൻ സർക്കാറുമായി ബന്ധപ്പെടണം.’ ബൊക്കോ ഹറാം ഭീകരർ റെക്കോഡ് ചെയ്ത വീഡിയോയാണ് പുറത്തുവിട്ടത്.
നൈജീരിയയിലെ പാശ്ചാത്യ വിദ്യാഭ്യാസം പൊതുസമൂഹത്തിൽ വലിയമാറ്റങ്ങളാണ് വരുത്തുന്നത്. ഭീകരരുടെ നയങ്ങളും പൊതു സമൂഹം തള്ളുന്നതും പതിവാണ്. സാധാരണക്കാരനിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ തങ്ങളുടെ സ്വാധീനം കുറയ്ക്കുന്നതാണ് ബൊക്കോ ഹറാമിനെ ചൊടിപ്പിക്കുന്നത്. തുടർന്നാണ് സ്‌കൂൾ ആക്രമണങ്ങളിലേക്കും കുട്ടികളെ തട്ടിക്കൊണ്ടു പോകലിലേക്കും പ്രതികാര നടപടികൾ എത്തിനിൽക്കുന്നത്. സമാധാനശ്രമങ്ങൾക്കായി ഐക്യരാഷ്ട്രസഭ നടത്തുന്ന പരിശ്രമങ്ങളും ആഫ്രിക്കൻ മേഖലയിൽ ബൊക്കോ ഹറാമിന് വലിയ തിരിച്ചടിയാണ് നൽകുന്നത്.




