അഫ്ഗാനിസ്ഥാനിൽ മാദ്ധ്യമ പ്രവർത്തകയെ ഭീകരർ വെടിവെച്ചുകൊലപ്പെടുത്തി

കാബൂൾ: അഫ്ഗാനിസ്ഥാനിൽ മാദ്ധ്യമപ്രവർത്തകയെ വെടിവെച്ചു കൊലപ്പെടുത്തി. ടെലിവിഷൻ ജേണലിസ്റ്റും വനിതാവകാശ പ്രവർത്തകയുമായ മലാല മെയ്‌വന്തിനെയാണ് ഭീകരർ കൊലപ്പെടുത്തിയത്. കിഴക്കൻ പ്രവിശ്യയായ നംഗർഹർ കേന്ദ്രീകരിച്ചുള്ള എനികാസ് ടിവിയുടെ റിപ്പോർട്ടറാണ് മലാല മെയ്‌വന്തി. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഡ്രൈവറെയും ഭീകരർ കൊലപ്പെടുത്തിയതായാണ് റിപ്പോർട്ട്.
ഓഫിസിലേക്കുള്ള യാത്രയ്ക്കിടെ പ്രവിശ്യാ തലസ്ഥാനമായ ജലാലാബാദിലാണ് ആക്രമണമുണ്ടായത്. താലിബാനും ഐഎസും ഉൾപ്പെടെ ഭീകരസംഘടനകളുടെ കേന്ദ്രമാണിവിടം. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരുമേറ്റെടുത്തിട്ടില്ല. ഇതോടെ രാജ്യത്ത് ഈ വർഷം കൊല്ലപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ എണ്ണം പത്തായി. മലാലയുടെ മാതാവും 5 വർഷം മുൻപ് അജ്ഞാതരുടെ വെടിവയ്പിൽ കൊല്ലപ്പെട്ടിരുന്നു.