അമേരിക്കന്‍ തിരഞ്ഞെടുപ്പ്: അന്തിമഫലം വൈകുമെന്ന് റിപ്പോര്‍ട്ട്
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അവസാന ഫലം അറിയാൻ ദിവസങ്ങൾ വേണ്ടിവരുമെന്ന് സൂചന. പലയിടത്തും വോട്ടെണ്ണിത്തീരാൻ എത്ര സമയമെടുക്കുമെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. വോട്ടുകൾ പൂർണമായും എണ്ണിത്തീരാൻ ചിലപ്പോൾ ആഴ്ചകൾത്തന്നെ വേണ്ടിവന്നേക്കുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. തപാൽ വോട്ടുകളിലുള്ള വർദ്ധന തന്നെയാണ് വോട്ടെണ്ണൽ വൈകുന്നതിന് പ്രധാന കാരണം. വ്യത്യസ്ത സ്റ്റേറ്റുകളിൽ വോട്ടണ്ണൽ സംബന്ധിച്ച് വ്യത്യസ്ത നിയമങ്ങളാണ് നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ സ്റ്റേറ്റുകളിലും ഫലം പുറത്തുവരുന്നത് പല സമയങ്ങളിലാകും. ചിലയിടങ്ങളിൽ പൂർണമായി വോട്ടുകൾ എണ്ണിത്തീരാൻ ആഴ്ചകൾ വേണ്ടിവരും. ഡൊണാൾഡ് ട്രംപ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ വോട്ടെണ്ണൽ വൈകുന്നത് കാര്യങ്ങൾ സങ്കീർണമാക്കിയേക്കുമെന്നും വിലയിരുത്തപ്പെടുന്നു.

