മാലിയിൽ ഫ്രാൻസിന്റെ വ്യോമാക്രമണം; 50 അൽ ഖ്വയ്ദ ഭീകരരെ വധിച്ചു
ബമാക്കോ: മാലിയിൽ നടത്തിയ വ്യോമാക്രമണത്തിൽ 50 അൽ ഖ്വയ്ദ ഭീകരരെ വധിച്ചുവെന്ന് ഫ്രാൻസ്. ബുർക്കിന ഫാസോ, നൈഗർ അതിർത്തിയിൽ വെള്ളിയാഴ്ചയാണ് ആക്രമണം നടന്നത്. നാല് ഭീകരരെ പിടികൂടിയതായും ഫ്രാൻസ് അവകാശപ്പെട്ടു. ഫ്രാൻസിന്റെ നേതൃത്വത്തിലുള്ള ബാർഖാനെ ഫോഴ്സാണ് ആക്രമണം നടത്തിയത്. അൽ ഖ്വയ്ദയുമായി ബന്ധപ്പെട്ട അൻസാറുൽ ഇസ്ലാം ഗ്രൂപ്പിലെ ഭീകരരെയാണ് വധിച്ചത്. വൻതോതിൽ ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. മേഖലയിൽ ഭീകരപ്രവർത്തനം അടിച്ചമർത്താനുളള തീവ്രശ്രമത്തിലാണെന്ന് ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ളോറൻസ് പാർലെ പറഞ്ഞു. അതിർത്തി മേഖലയിൽ മോട്ടോർബൈക്കുകളിൽ ഭീകരർ ആക്രമണത്തിന് സജ്ജരാകുന്നുവെന്ന് ഡ്രോൺ നിരീക്ഷണത്തിൽ വ്യക്തമായതിന് പിന്നാലെയാണ് ആക്രമണം നടത്തിയതെന്നും പ്രതിരോധമന്ത്രി പറഞ്ഞു.



