കൊവിഡിനെതിരായ റഷ്യൻ വാക്‌സിൻ ജനങ്ങൾക്ക് നൽകി തുടങ്ങി

മോസ്കോ: കൊവിഡിനെതിരായി റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്‌നിക്5 വാക്‌സിൻ ജനങ്ങൾക്ക് നൽകി തുടങ്ങി. ആരോഗ്യ വകുപ്പിന്റെ അന്തിമ അനുമതി ലഭിച്ചതോടെയാണ് വാക്‌സിൻ ജനങ്ങൾക്ക് നൽകാൻ തീരുമാനിച്ചത്. റഷ്യയുടെ ഗമാലേയ നാഷണൽ റിസർച്ച് സെന്റർ ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും (ആർഡിഎഫ്) ചേർന്ന് വികസിപ്പിച്ച വാക്‌സിന് ആഗസ്റ്റ് 11 നാണ് രജിസ്റ്റർ ചെയ്തത്.
മാസങ്ങൾക്കുള്ളിൽ തന്നെ തലസ്ഥാനത്തെ ജനങ്ങൾക്കെല്ലാം തന്നെ വാക്‌സിൻ നൽകാൻ കഴിയുമെന്ന് മോസ്‌കോ മേയർ വ്യക്തമാക്കി. ജൂൺ, ജൂലായ് മാസങ്ങളിൽ 76 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. ഇവരിൽ എല്ലാവരുടെയും ശരീരത്തിൽ കൊവിഡിനെതിരായ ആന്റീബോഡികൾ ഉണ്ടായെന്നും ഗുരുതരമായ പാർശ്വഫലങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നുമാണ് അധികൃതർ പറയുന്നത്. 42 ദിവസം നീണ്ട രണ്ടാംഘട്ടപരീക്ഷണത്തിൽ വാക്‌സിൻ സ്വീകരിച്ച 42 പേരിലും പാർശ്വഫലങ്ങൾ കണ്ടെത്താനായില്ല.