ക്രൂരത അവസാനിക്കുന്നില്ല; അമേരിക്കയിൽ വീണ്ടും കറുത്ത വർഗ്ഗക്കാരനെതിരെ പോലീസ് അക്രമം
വാഷിംഗ്ടൺ: കറുത്ത വർഗക്കാരനായ ജോർജ് ഫ്ളോയിഡിനെ കഴുത്തിൽ കാൽമുട്ടുകൊണ്ട് അമർത്തി പൊലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ അമേരിക്കയില്‍ വീണ്ടും കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് നേരെ പൊലീസിന്റെ അക്രമണം. ജേക്കബ് ബ്ലേയ്ക്ക എന്ന യുവാവാണ് വിസ്‌കൊണ്‍സിനിലെ കെനോഷയിൽ പൊലീസിന്‍റെ ക്രൂരതയ്ക്ക് ഇരയായത്. മക്കളുടെ മുന്നിൽവെച്ച് എട്ടു തവണ പൊലീസ് അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്.
അരയ്ക്കുകീഴെ തളർന്ന ബ്ലേയ്ക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ അമേരിക്കൻ തെരുവുകൾ വീണ്ടും ബ്ലാക്ക്സ് ലൈവ്സ് മാറ്റർ പ്രതിഷേധങ്ങളാൽ നിറഞ്ഞിട്ടുണ്ട്. വിസ്കൊണ്‍സിനിലെ കെനോഷ പ്രദേശത്ത് രണ്ട് സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിൽ ബ്ലേയ്ക്ക് ഇടപ്പെട്ടിരുന്നു. ഇതിനിടെ ആരോ വിളിച്ചറിയിച്ചതിനെത്തുടർന്ന് പോലീസെത്തി. ഇവരാകട്ടെ ബ്ലേയ്ക്കിനോടു കീഴടങ്ങാൻ ആവശ്യപ്പെട്ടു.
എന്നാൽ, ബ്ലേയ്ക്ക് തന്‍റെ കാറിലേക്ക് കയറാൻ തുടങ്ങി. ഇതോടെ പൊലീസ് പുറകിൽനിന്നും വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിന്‍റെ ഗ്രാഫിക് ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുന്നുണ്ട്. വഴിയരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തിനു ചുറ്റുമായി മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ നടക്കുന്നതും ബ്ലേയ്ക്കിനുനേരെ ആയുധം ചൂണ്ടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

