അഴിമതിയെക്കുറിച്ച് മാധ്യമ പ്രവർത്തകന്റെ ചോദ്യം; വായ ഇടിച്ചു തകർക്കുമെന്ന് ബ്രസീൽ പ്രസിഡന്‍റ്


സാവോപോളോ: അഴിമതി ആരോപണം സംബന്ധിച്ച ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകനോട് വായ ഇടിച്ചുതകർക്കുമെന്ന ഭീഷണിയുമായി ബ്രസീൽ പ്രസിഡന്‍റ് ജെയർ ബോൾസോനാരോ. അഴിമതി ആരോപണം ഉയർന്ന പദ്ധതിയുമായി അദ്ദേഹത്തിന്‍റെ ഭാര്യക്കുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചതാണ് ബോൾസോനാരോയെ ചൊടിപ്പിച്ചത്. ബ്രസീലിയൻ മാധ്യമമായ ഒ ഗ്ലോബോയുടെ പ്രതിനിധിയോടായിരുന്നു പ്രസിഡന്‍റിന്‍റെ രോഷപ്രകടനം. 

ബ്രസീലിയയിലെ മെട്രോപൊളീറ്റൻ കത്തീഡ്രൽ സന്ദർശനത്തിനിടെയാണ് മാധ്യമപ്രവർത്തക സംഘവുമായി പ്രസിഡന്‍റ് സംസാരിച്ചത്. ഇതിനിടെ, ബ്രസീലിലെ പ്രമുഖ മാസികയായ ക്രൂസോയിൽ വന്ന റിപ്പോർട്ടിനെപ്പറ്റി മാധ്യമപ്രവർത്തകൻ ചോദിക്കുകയായിരുന്നു. ബോൾസോനാരോയുടെ ഭാര്യ മിഷേൽ, മുൻ പൊലീസ് ഉദ്യോഗസ്ഥനും പ്രസിഡന്‍റിന്‍റെ സുഹൃത്തും പ്രസിഡന്‍റിന്‍റെ മകൻ ഫ്ളെവിയോയുടെ മുൻ ഉപദേശകനുമായിരുന്ന ഫാബ്രിയോ ക്വിറോസുമായി ബന്ധിപ്പിക്കുന്ന അഴിമതി ഇടപാടായിരുന്നു ചോദ്യത്തിന് കാരണമായ വിഷയം. എന്നാൽ, ചോദ്യം കേട്ടയുടൻ ക്ഷുഭിതനായ ബോൽസൊനാരോ നിങ്ങളുടെ വായ് ഇടിച്ചുതകർക്കാനാണ് തോന്നുന്നതെന്ന് പറഞ്ഞു. ഇതോടെ, മറ്റു മാധ്യമപ്രവർത്തകരും പ്രതിഷേധിച്ചു. പിന്നാലെ ബോൾസോനാരോ സ്ഥലംവിടുകയും ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed