ഇംറാൻ ഖാന്റെ ആരോഗ്യം വഷളാകുന്നു; ജയിൽ വാസത്തിന് പിന്നാലെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവ്!


ഷീബ വിജയൻ

അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് റാവൽപിണ്ടിയിലെ അദിയാല ജയിലിൽ കഴിയുന്ന മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടു. ആരോഗ്യനില സംബന്ധിച്ച് കടുത്ത ആശങ്കകൾ നിലനിൽക്കെയാണ്, ഇംറാനെ ഇസ്‍ലാമാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ പാക് സുപ്രീം കോടതി നിർദേശം നൽകിയിരിക്കുന്നത്. സർക്കാരിന്റെ എതിർപ്പുകൾ തള്ളിക്കൊണ്ടാണ് 48 മണിക്കൂറിനുള്ളിൽ ഇംറാൻ ഖാനെ ഷിഫ ഇന്റർനാഷണൽ ഹോസ്പിറ്റലിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടത്. സെപ്റ്റംബർ 16വരെ അദ്ദേഹം ആശുപത്രിയിൽ തുടരും. ഇംറാൻ ഖാന്റെ ആരോഗ്യനില വിലയിരുത്തുന്നതിനായി അദ്ദേഹത്തിന്റെ വ്യക്തിഗത ഡോക്ടറും സഹോദരി ഡോ. അലീമ ഖാനും ഉൾപ്പെടുന്ന പ്രത്യേക മെഡിക്കൽ ബോർഡും രൂപവത്കരിക്കും.

ഇത് വളരെ സ്വാഗതാർഹമായ ഉത്തരവാണെന്നും അദ്ദേഹത്തിന്റെ കണ്ണിന്റെയും പൊതുവായ ആരോഗ്യത്തിന്റെയും നില ഇത്രയധികം വഷളാകുന്നതിന് മുമ്പ് ഇത് സംഭവിക്കാമായിരുന്നുവെന്നും ഇമ്രാൻ ഖാന്റെ അടുത്ത സഹായിയും ഉപദേഷ്ടാവുമായ സുൽഫിക്കർ അലി ബുഖാരി പ്രസ്താവനയിൽ വ്യക്തമാക്കി. ഇംറാൻ ഖാന്റെ ആരോഗ്യം തൃപ്തികരമാണെന്ന് ജയിൽ അധികൃതർ തിങ്കളാഴ്ച അവകാശപ്പെട്ടിരുന്നുവെങ്കിലും കുടുംബവും പാർട്ടിയും ഇത് പൂർണമായും തള്ളിക്കളഞ്ഞിരുന്നു. ചികിത്സക്ക് ശേഷം 73 കാരനായ ഇംറാൻ ഖാന്റെ കാഴ്ചശക്തി ഗണ്യമായി മെച്ചപ്പെട്ടെന്നായിരുന്നു ജയിൽ അധികൃതരുടെ വാദം. എന്നാൽ, അദ്ദേഹത്തിന്റെ വലത് കണ്ണിന്റെ കാഴ്ചശക്തിയുടെ 85 ശതമാനത്തോളം നഷ്ടപ്പെട്ടതായി ആറുമാസം മുമ്പ് അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.

തുടർന്ന് കോടതിയിൽ സമർപ്പിച്ച മെഡിക്കൽ രേഖകൾ ആശങ്കപ്പെടുത്തുന്നതായിരുന്നു. രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ, ഹൃദയമിടിപ്പിലെ വ്യതിയാനങ്ങൾ, കടുത്ത മാനസിക സമ്മർദ്ദം എന്നിവ രേഖകളിൽ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന ഇംറാൻ ഖാന്റെ ആരോഗ്യസ്ഥിതിയെച്ചൊല്ലി അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടയിലാണ് കോടതിയുടെ ഈ നിർണായക ഇടപെടൽ.

article-image

jkjkljkljkljkl

You might also like

  • Lulu Exchange
  • Straight Forward

Most Viewed