കാനഡ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ചൈന
ഒട്ടാവ: ഹോങ്കോംഗിലെ ചൈനീസ് നടപടികൾക്കെതിരെ പ്രതികരിച്ച കാനഡ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ആവർത്തിച്ച് ചൈന. കാനഡയിലെ ചൈനീസ് അംബാസിഡർ കോംഗ് പിവ്യൂ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ എന്തിനാണ് കാനഡ ഇടപെട്ടതെന്നും അദ്ദേഹം ചോദിച്ചു.
നേരത്തെ, ചൈനീസ് വിദേശകാര്യമന്ത്രാലയവും കനേഡിയൻ നിലപാടിനെ തള്ളി രംഗത്തെത്തിയിരുന്നു. കാനഡയ്ക്ക് കൂടുതൽ പ്രതികരിക്കാനുള്ള അധികാരമില്ലെന്നും അനന്തരഫലങ്ങൾ അവർ അനുഭവിക്കേണ്ടി വരുമെന്നുമായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. ഹോങ്കോംഗിനു മേൽ ചൈന അടിച്ചേൽപ്പിച്ച ദേശീയ സുരക്ഷാ നിയമത്തിനെതിരെയാണ് കാനഡ പ്രതികരിച്ചത്. ചൈനീസ് സർക്കാരിന്‍റെ നിർബന്ധിത നടപടിയെ കനേഡിയൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചിരുന്നു.

