വ്യാപാര കരാറിൽ ഒപ്പുവച്ച് അമേരിക്കയും മെക്സിക്കോയും; കനേഡിയൻ പ്രധാനമന്ത്രി പങ്കെടുത്തില്ല
വാഷിംഗ്ടണ്‍ ഡിസി: അമേരിക്ക-മെക്സിക്കോ-കാനഡ വ്യാപാര കരാറിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും മെക്സിക്കൻ പ്രസിഡന്‍റ് ആൻഡ്രെസ് മാനുവൽ ലോപ്പസും ഒപ്പുവച്ചു. വൈറ്റ്ഹൗസിലെ റോസ് ഗാർഡനിൽ വച്ചായിരുന്നു ഇരുവരും കരാറിൽ ഒപ്പിട്ടത്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ചടങ്ങിൽ സംബന്ധിച്ചില്ല.
ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര കരാറുകളിലൊന്നാണ് ഒപ്പുവയ്ക്കപ്പെട്ടതെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. കനേഡിയൻ പ്രധാനമന്ത്രിയുമായി പ്രത്യേക ചർച്ച തന്നെ സംഘടിപ്പിക്കുമെന്നും അതിന്‍റെ തീയതി നിശ്ചയിച്ചിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. മൂന്ന് രാജ്യങ്ങളുടെയും ഒത്തൊരുമയെ ഉയർത്തിപിടിക്കുന്നതാണ് കരാറെന്ന് മെക്സിക്കൻ പ്രസിഡന്‍റ് ആൻഡ്രെസ് മാനുവൽ ലോപ്പസും അഭിപ്രായപ്പെട്ടു. മെക്സിക്കോയുടെ പരമാധികാരത്തെ ഹനിക്കുന്ന തരത്തിലുള്ള ഒരു ഇടപെടലും ഇന്നുവരെ അമേരിക്ക നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവാണ് ട്രൂഡോയുടെ അസാന്നിദ്ധ്യത്തിന് കാരണമെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

