കോവിഡ് വ്യാപനം; ഇന്ത്യ കുതിച്ച് മൂന്നാം സ്ഥാനത്ത്
ന്യൂഡൽഹി: കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമാകുന്നു. കോവിഡ് രോഗികളുടെ എണ്ണത്തിൽ റഷ്യയും പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കയറി. ഞായറാഴ്ച വൈകുന്നേരം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 6.9 ലക്ഷം കവിഞ്ഞു. ഇന്ത്യ നിലവിൽ അമേരിക്കയ്ക്കും ബ്രസീലിനും പിന്നിലാണ്. ബ്രസീലിൽ 15 ലക്ഷത്തിനും അമേരിക്കയിൽ 28 ലക്ഷത്തിനും മുകളിലാണ് കോവിഡ് കേസുകൾ. ഞായറാഴ്ച രാജ്യത്ത് റിക്കോർഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിൽ 25,000 കേസുകൾ. ആദ്യ കേസ് ജനുവരി അവസാനം കണ്ടെത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വർദ്ധനവാണിത്. ഇന്ന് 613 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം ഇതോടെ 19,268 ആയി ഉയർന്നു. മഹാരാഷ്ട്രയിൽനിന്നാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇന്ന് മഹാരാഷ്ട്രയിൽ ഏഴായിരത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ 4,200ൽ അധികം പേർക്ക് പുതുതായി രോഗം ബാധിച്ചപ്പോൾ ഡൽഹിയിൽ 2,500ൽ അധികം പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

