യുഎസ് സൈനികരെ വധിക്കാൻ റഷ്യ താലിബാൻ ഭീകരർക്കു സഹായം നൽകിയെന്ന് റിപ്പോർട്ട്
വാഷിംഗ്ടണ്‍: താലിബാൻ ബന്ധമുള്ള ഭീകരർക്ക് അഫ്ഗാൻ അതിർത്തിയിൽ യുഎസ് സൈനികരെ കൊല്ലാൻ റഷ്യ സഹായം ഒരുക്കിനൽകിയെന്നു റിപ്പോർട്ട്. ന്യുയോർക്ക് ടൈംസാണ് ഇതു സംബന്ധിച്ചു റിപ്പോർട്ടു പുറത്തുവിട്ടത്. യൂറോപ്പിൽ നടന്ന നിരവധി ആക്രമണങ്ങളുമായി റഷ്യൻ മിലിട്ടറി ഇന്‍റലിജൻസിനു പങ്കുണ്ടെന്നും വിജയകരമായ ആക്രമണങ്ങൾക്കു സമ്മാനങ്ങൾ വാഗ്ദാനം ചെയ്തിരുന്നെന്നും യുഎസ് നേരത്തെ കണ്ടെത്തിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ഇസ്ലാമിക് ഭീകരരിൽ ചിലർ ഇത്തരത്തിൽ സമ്മാനങ്ങൾ നേടിയെടുത്തെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടുകളോടു പ്രതികരിക്കാൻ വൈറ്റ്ഹൗസും സിഐഎയും ഡയറക്ടർ ജനറൽ ഓഫ് ഇന്‍റലിജൻസ് ഓഫീസും വിസമ്മതിച്ചു. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ ഇതു സംബന്ധിച്ച വിവരങ്ങൾ രഹസ്യന്വേഷണ ഏജൻസികൾ ധരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതിനോട് ഏതു വിധത്തലാണ് ട്രംപ് പ്രതികരിച്ചതെന്നു വ്യക്തമല്ല. കഴിഞ്ഞ വർഷം 20 അമേരിക്കക്കാരാണ് വിദേശമണ്ണിൽ കൊല്ലപ്പെട്ടത്. ഇതിൽ എത്രയെണ്ണമാണ് സംശയനിലഴലിൽ ഉള്ളതെന്നു വ്യക്തമല്ല.

