ഇനി പ്രായം തെളിയിക്കാൻ സെൽഫി മതി; പുതിയ 'ഏജ് എസ്റ്റിമേഷൻ' സംവിധാനവുമായി ആപ്പിൾ
ഷീബ വിജയൻ
വാഷിംഗ്ടൺ: ഉപയോക്താക്കൾക്ക് 18 വയസ്സ് തികഞ്ഞിട്ടുണ്ടോ എന്ന് കൃത്യമായി സ്ഥിരീകരിക്കുന്നതിനായി അത്യാധുനിക സെൽഫി അധിഷ്ഠിത പ്രായപരിശോധനാ സാങ്കേതികവിദ്യ അവതരിപ്പിച്ച് പ്രമുഖ ടെക് ഭീമനായ ആപ്പിൾ. മുൻകാലങ്ങളിൽ പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ തിരിച്ചറിയൽ രേഖകളോ ബാങ്ക് കാർഡുകളോ നൽകേണ്ടിയിരുന്ന സ്ഥാനത്താണ് മുഖത്തിന്റെ ഘടന വിശകലനം ചെയ്ത് പ്രായം കണക്കാക്കുന്ന രീതി പുതിയ iOS 27.2 അപ്ഡേറ്റിലൂടെ കമ്പനി സജ്ജമാക്കിയിരിക്കുന്നത്. ഇതിലൂടെ യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് 18+ ആപ്പുകൾ ഡൗൺലോഡ് ചെയ്യാനും പ്രധാന സെക്യൂരിറ്റി ക്രമീകരണങ്ങളിൽ മാറ്റം വരുത്താനും എളുപ്പത്തിൽ സാധിക്കും. ഉപയോക്താക്കൾ തങ്ങളുടെ തല നാല് ദിശകളിലേക്കും പതുക്കെ ചലിപ്പിച്ച് മുഖത്തിന്റെ വിവിധ കോണുകളിലുള്ള ചിത്രങ്ങൾ നൽകുന്നതോടെ പ്രായപരിശോധന പൂർത്തിയാകും.
ഉപയോക്താവിന്റെ ഉപകരണത്തിൽ നേരിട്ടും പ്രൈവറ്റ് ക്ലൗഡ് കമ്പ്യൂട്ടിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചുമാണ് ആപ്പിളിന്റെ ഏജ്-എസ്റ്റിമേഷൻ മോഡൽ പ്രവർത്തിക്കുന്നത്. ഈ ഘട്ടത്തിൽ ആപ്പിളിന് പോലും ചിത്രങ്ങൾ കാണാൻ കഴിയില്ലെന്നും, പ്രായപരിശോധന പൂർത്തിയാകുന്ന നിമിഷം തന്നെ സെൽഫികൾ സിസ്റ്റത്തിൽ നിന്ന് പൂർണ്ണമായി നീക്കം ചെയ്യപ്പെടുമെന്നും പൂർണ്ണമായ സ്വകാര്യത ഉറപ്പുനൽകിക്കൊണ്ട് കമ്പനി വ്യക്തമാക്കുന്നു. സെൽഫി പരിശോധന പരാജയപ്പെടുന്ന സാഹചര്യങ്ങളിൽ മാത്രം ക്രെഡിറ്റ് കാർഡോ മറ്റ് അംഗീകൃത ഐഡി കാർഡുകളോ നൽകി പ്രായം തെളിയിക്കാനാകും. iOS 27.2, iPadOS 27.2 പതിപ്പുകളിൽ ലഭ്യമായ ഈ സൗകര്യം നിലവിൽ യുകെ, ഓസ്ട്രേലിയ, ബ്രസീല്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലാണ് ആരംഭിച്ചിട്ടുള്ളത്.
cs

