കൂടുതൽ ടെസ്റ്റ് നടത്തിയാൽ ഇന്ത്യയിലും കൂടുതൽ രോഗികളെ കണ്ടെത്തും: ട്രംപ്

വാഷിംഗ്ടൺ ഡിസി: കൂടുതൽ ടെസ്റ്റുകൾ നടത്തിയാൽ ഇന്ത്യയിലും ചൈനയിലും കൂടുതൽ കോവിഡ് രോഗികളെ കണ്ടെത്തുമെന്ന് യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. കൂടുതൽ ടെസ്റ്റുകൾ നടത്തുന്നതുകൊണ്ടാണ് യുഎസിൽ കൂടുതൽ രോഗബാധ സ്ഥിരീകരിക്കുന്നത്. രണ്ടു കോടി ടെസ്റ്റുകളാണ് യുഎസ് നടത്തിയത്. കോവിഡ് പ്രതിരോധത്തിൽ വൻ വിമർശനം നേരിടുന്ന പശ്ചാത്തലത്തിലാണ് ട്രംപ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. രോഗവ്യാപനത്തിൽ ഒന്നാമതാണ് യുഎസ്. രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 20 ലക്ഷത്തോട് അടുക്കുന്നു. മരിച്ചവർ ഒരുലക്ഷത്തി പതിനായിരത്തിന് മുകളിലും.
ഇന്ത്യയിൽ 45 ലക്ഷം ടെസ്റ്റുകൾ നടത്തിയെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുള്ളത്. നവംബറിൽ തിരഞ്ഞെടുപ്പിന് തയാറെടുക്കുന്ന ട്രംപിന്‍റെ ജനപ്രീതിയിൽ കോവിഡ് വ്യാപനത്തിന്‍റെ തീവ്രത ഇടിവുണ്ടാക്കിയിട്ടുണ്ട്. പല അഭിപ്രായ സർവേകളും ട്രംപിന്‍റെ എതിരാളി ജോ ബൈഡന് മുൻ തൂക്കം പ്രവചിക്കുന്നു.