കോവിഡ് ; ഇനി പ്രതിദിന കണക്ക് മാത്രമെന്ന് ബ്രസീൽ

റിയോ ഡി ജനീറോ: കോവിഡ് രോഗവ്യാപനത്തിന്‍റെ കണക്ക് മുക്കി ബ്രസീൽ. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പ്രസിഡന്‍റ് ഹെയർ ബൊൽസൊനാരോയ്ക്കെതിരേ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് സർക്കാർ നടപടി. കഴിഞ്ഞ 24 മണിക്കൂറിലെ കേസുകൾ മാത്രമേ ഇനി പുറത്തുവിടുകയുള്ളുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതായത് മൊത്തം കണക്കുകൾ സർക്കാർ പ്രസിദ്ധീകരിക്കില്ല. മറ്റു രാജ്യങ്ങൾ എല്ലാം തന്നെ മൊത്തം കോവിഡ് കണക്കുകൾ ദിവസേന പ്രസിദ്ധീകരിക്കുന്നുണ്ട്.
രാജ്യത്തെ ആകെയുള്ള കണക്കുകൾ നിലവിലെ കോവിഡ് അവസ്ഥയെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് ബൊൽസൊനാരോ പറഞ്ഞു. ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് ബ്രസീൽ. 6.76 ലക്ഷം രോഗികളാണ് രാജ്യത്തുള്ളതെന്നാണ് ഒൗദ്യോഗിക കണക്ക്. പുതിയ മരണങ്ങളുടെ എണ്ണത്തിൽ മറ്റു രാജ്യങ്ങളേക്കാൾ ബ്രസീൽ മുന്നിലുമാണ്. 36,000-ൽ അധികം ആളുകളാണ് രാജ്യത്ത് ഇതുവരെ മരിച്ചിരിക്കുന്നത്.