കൊറോണ വൈറസ് മൂലം ആഫ്രിക്കയിൽ രണ്ട് ലക്ഷത്തോളം ആളുകൾ മരിച്ചേക്കാം; ലോകാരോഗ്യ സംഘടന
നെയ്റോബി: കൊറോണ വൈറസ് മൂലം ആഫ്രിക്കയിൽ രണ്ട് ലക്ഷത്തോളം ആളുകൾ മരിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വൈറസിനെ നിയന്ത്രിക്കാനായില്ലെങ്കിൽ ആഫ്രിക്കയിൽ 83,000 നും 190,000 ഇടയിൽ ആളുകൾ മരിക്കുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്. 29 ദശലക്ഷത്തിനും 44 ദശലക്ഷത്തിനും ഇടയിൽ ആളുകളിലേക്ക് ഇത് പടരാമെന്നും സംഘടന പറയുന്നു. രോഗത്തെ തടയാൻ ഇതുവരെ നപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന നിഗമനത്തിലാണ് പഠനം. എന്നാൽ ഭാഗ്യവശാൽ ഇത് സംഭവിച്ച് തുടങ്ങിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കൻ തലവൻ മാറ്റ്ഷിഡിസോ മൊയിതി ടെലി കോൺഫറൻസിൽ പറഞ്ഞു.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ആഫ്രിക്കയിൽ വളരെ വൈകിയാണ് വൈറസ് ആക്രമിച്ചത്. മറ്റ് എവിടെ ഉള്ളതിനേക്കാളും രോഗവ്യാപനതോതും ആഫ്രിക്കയിൽ കുറവാണ്. മേഖലയിലെ സർക്കാരുകൾ പ്രത്യേക താൽപര്യമെടുത്ത് വൈറസ് വ്യാപനത്തെ നിയന്ത്രണമാക്കാൻ ശ്രമിച്ചില്ലെങ്കിൽ അടുത്ത കുറച്ച് വർഷത്തേക്ക് കോവിഡ് നമ്മുടെ ജീവിതത്തിൽ ഒരു ഘടകമായേക്കാം. പരിശോധിക്കുക, രോഗം കണ്ടെത്തുക, ഐസലേറ്റ് ചെയ്യുക, ചികിത്സിക്കുക എന്നിവ ആവശ്യമാണെന്നും മൊയ്തി പറഞ്ഞു.

