പാകിസ്ഥാനിൽ നിന്നും പലായനം ചെയ്ത മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം സ്വീഡനിലെ നദിയില്‍
സ്‌റ്റോക്ക്‌ഹോം: കഴിഞ്ഞ മാസം കാണാതായ പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തകനെ സ്വീഡനിലെ നദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാകിസ്ഥാനിൽനിന്നു രക്ഷപ്പെട്ട് 2019ല്‍ സ്വീഡനില്‍ രാഷ്ട്രീയ അഭയം നേടിയ സാജിദ് ഹുസൈന്റെ മൃതദേഹമാണ് സ്വീഡനിലെ നദിയില്‍ കണ്ടെത്തിയത്. മാര്‍ച്ച് 2 മുതല്‍ സാജിദ് ഹുസൈനെ കാണാനില്ലായിരുന്നു. സ്‌റ്റോക്ക്‌ഹോമിനു 56 കിലോമീറ്റര്‍ വടക്കുള്ള ഉപ്പ്‌സലയെന്ന നഗരത്തിലേക്കുള്ള ട്രെയിനില്‍ സാജിദ് കയറുന്നതാണ് അവസാനമായി കണ്ടത്. ഏപ്രില്‍ 23ന് സാജിദിന്റെ മൃതദേഹം ഫൈറിസ് നദിയില്‍ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.
സ്‌റ്റോക്ക് ഹോമില്‍ അബ്ദുല്‍ മാലിക് എന്ന സുഹൃത്തിനൊപ്പമാണ് സാജിദ് കഴിഞ്ഞിരുന്നത്. ഉപ്പ്‌സാലയിലെ പുതിയ വീട്ടിലേക്കു മാറുന്നതിനെക്കുറിച്ച് കാണാതായ മാര്‍ച്ച് രണ്ടിന് സാജിദ് ഫോണില്‍ ഭാര്യയുമായി സംസാരിച്ചിരുന്നു.
ബലൂചിസ്ഥാൻ പ്രവിശ്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പൊലീസ് വീട്ടില്‍ റെയ്ഡ് നടത്തുകയും കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തതോടെ 2012ലാണ് സാജിദ് പാകിസ്ഥാനില്‍നിന്നു രക്ഷപ്പെട്ടത്. നിരവധി വധഭീഷണികളും സാജിദിനെതിരെ ഉയര്‍ന്നിരുന്നു. ബലൂചിസ്ഥാന്‍ ടൈംസ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ചീഫ് എഡിറ്ററായിരുന്ന സാജിദ് വിദേശത്തുനിന്നും ജോലി തുടര്‍ന്നിരുന്നു.
ബലൂചിസ്ഥാന്‍ മേഖലയിലെ ലഹരിക്കടത്തിനെക്കുറിച്ചും മനുഷ്യർ അപ്രത്യക്ഷരാകുന്നതിനെക്കുറിച്ചും സാജിദ് എഴുതിയിരുന്നു. പാകിസ്ഥാനില്‍നിന്നു യുഎഇയിലെത്തിയ സാജിദ് അവിടെനിന്ന് ഒമാന്‍, ഉഗാണ്ട എന്നിവിടങ്ങളില്‍ കറങ്ങിയാണ് 2018ല്‍ സ്വീഡനിലെത്തിയത്. ഭാര്യയെയും രണ്ടു മക്കളെയും സ്വീഡനിലേക്കു കൊണ്ടുവരാനുള്ള ഒരുക്കത്തിലായിരുന്നു. സാജിദിനെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തിയിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡര്‍ എന്ന സംഘടന വ്യക്തമാക്കി.

