കാസിം സുലൈമാനിയെ വധിക്കാനുള്ള ഗൂഢാലോചന പരാജയപ്പെടുത്തി; ഇറാൻ


ടെഹ്റാൻ: ഇറാനിലെ എലൈറ്റ് ഖുദ്സ് ഫോഴ്‌സിന്‍റെ തലവൻ മേജർ ജനറൽ കാസിം സുലൈമാനിയെ വധിക്കാനുള്ള ഗൂഢാലോചന പരാജയപ്പെടുത്തിയതായി ഇറാൻ. അറബ−−്-ഇസ്രയേൽ ഗൂഢാലോചനയായിരുന്നു പദ്ധതിയുടെ പിന്നിലെന്ന് ഇറാൻ സർ‍ക്കാർ‍ ആരോപിച്ചു. സംഭവത്തിൽ‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും കൂടുതൽ‍ അന്വേഷണം നടക്കുന്നതായും അധികൃതർ‍ അറിയിച്ചു. 

കെർമാൻ നഗരത്തിൽ സുലൈമാനിയുടെ പിതാവ് പണിത പള്ളിക്ക് സമീപം ഭൂമി വാങ്ങുകയും അവിടം മുതൽ‍ പള്ളിവരെ തുരങ്കം നിർ‍മിച്ച് സ്ഫോടകവസ്തുക്കൾ നിറക്കുകയും ചെയ്തതായി അധികൃതർ‍ പറഞ്ഞു. ആശൂറാ ദിനത്തിൽ‍ ഷിയാ വിലാപ ചടങ്ങിനായി സുലൈമാനി പള്ളിയിൽ പ്രവേശിച്ചയുടനെ സ്ഥലം തകർക്കാനായിരുന്നു പദ്ധതി. 

സെപ്റ്റംബർ 9, 10 തീയതികളിൽ ആശൂറാ ദിനാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങുകൾ‍ക്കിടെ ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്നും ആസൂത്രിത നീക്കങ്ങളിലൂടെ പദ്ധതി തകർ‍ക്കുകയായിരുന്നുവെന്നും ഇറാൻ‍ അധികൃതർ‍ വെളിപ്പെടുത്തി. ഇറാനിലെ ഇസ്ലാമിക് റെവൽയൂഷണറി ഗാർഡിലെ സീനിയർ കമാൻഡറായിരുന്നു മേജർ ജനറൽ കാസിം സുലൈമാനി.

 

നിലവിൽ‍ എലൈറ്റ് ഖുദ്സ് ഫോഴ്‌സിന്‍റെ തലവനായി സേവനമനുഷ്ടിക്കുന്ന സുലൈമാനിക്ക് അടുത്തിടെ രാജ്യത്തെ പരമോന്നത സൈനിക ബഹുമതിയായ ഓർ‍ഡർ‍ ഓഫ് സുൽ‍ഫികർ‍ അവാർ‍ഡും ലഭിച്ചിരുന്നു. അറബ് ചാരസംഘടനകളും ഇസ്രായേലും നടത്തിയ ഗൂഢാലോചനയാണ് പൊളിഞ്ഞതെന്നു പറഞ്ഞ ഇറാൻ അധികൃതർ‍, കൂടുതൽ‍ കാര്യങ്ങൾ‍ പിന്നീട് വെളിപ്പെടുത്തുമെന്നും പറഞ്ഞു. ഇറാന്‍റെ സൈനിക തന്ത്രങ്ങളുടെ സൂത്രധാരനായി കണക്കാക്കപ്പെടുന്ന, സുലൈമാനിയെ വധിക്കാന്‍ മുന്പും ശ്രമങ്ങളുണ്ടായിട്ടുണ്ട്. അതേസമയം, പദ്ധതിയിൽ പങ്കുണ്ടെന്ന് ആരോപിക്കുന്ന അറബ് രാജ്യങ്ങളുടെ പേര് ഇറാൻ പുറത്തുവിട്ടിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed