പ്രമുഖ വ്യവസായികളുടെ യോഗം വിളിച്ച് പാക് സൈനിക മേധാവി
ഇസ്‍ലാമാബാദ്: രാജ്യത്തെ പ്രമുഖ വ്യവസായികളുടെ യോഗം വിളിച്ച് പാകിസ്ഥാൻ കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‍വ. വ്യവസായികളെ വിളിച്ചുവരുത്തി സുരക്ഷാസ്ഥിതി ചർച്ച ചെയ്തത് അഭ്യൂഹം പരത്തി. പരസ്പര ധാരണ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് യോഗമെന്ന് ബജ്‍വ പറഞ്ഞു. പാകിസ്ഥാനിലെ മെച്ചപ്പെട്ട സുരക്ഷാ നില രാജ്യത്തിന്റെ സാന്പത്തിക വളർച്ചയ്ക്ക് മികച്ച അവസരമാണെന്നും അതു പ്രയോജനപ്പെടുത്തണമെന്നും യോഗത്തിൽ ബജ്‍വ പറഞ്ഞു. രാജ്യത്തെ ഉന്നതാധികാര ദേശീയ വികസന സമിതി അംഗമായി ബജ്‍വയെ ഈയിടെ ഇമ്രാൻ ഖാൻ സർക്കാർ നിയമിച്ചിരുന്നു.
അതേസമയം, പാകിസ്ഥാനെതിരെ ഏതെങ്കിലും തരത്തിലുള്ള അതിക്രമത്തിന് ഇന്ത്യ തുനിഞ്ഞാൽ ഉചിതമായ തിരിച്ചടി നൽകാൻ പാക് സൈന്യം പൂർണ സജ്ജമാണെന്ന് ജനറൽ ബജ്‍വ സൈനിക കമാൻഡർമാരുടെ യോഗത്തിൽ പറഞ്ഞു. കാശ്മീർ പാകിസ്ഥാന്റെ ജീവനാഡി ആണെന്നും കാശ്മീർ വിഷയത്തിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും പാകിസ്ഥാൻ തയാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

