ഇന്ത്യ−പാക് ആണവയുദ്ധം 12.5 കോടി ജീവനെടുക്കുമെന്ന് പഠനം
വാഷിംഗ്ടൺ ഡിസി: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ആണവയുദ്ധമുണ്ടായാൽ ഒരാഴ്ചയ്ക്കുള്ളിൽ അഞ്ചു കോടിക്കും 12.5 കോടിക്കും ഇടയിൽ ആളുകൾ മരിച്ചു വീഴുമെന്ന് റിപ്പോർട്ട്. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ബൗൾഡർ, റട്ടേഴ്സ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽനിന്നുള്ള ഗവേഷകർ നടത്തിയ പഠനമാണ് ഇക്കാര്യം വിവരിക്കുന്നത്.
ആറു വർഷം നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധത്തിൽ മരിച്ചതിനേക്കാൾ കൂടുതൽപ്പേർ മരിക്കും. കാലാവസ്ഥയിലും ഭീകരമായ മാറ്റം സംഭവിക്കുമെന്ന് ഇന്ത്യക്കും പാകിസ്ഥാനും 150 അണ്വായുധങ്ങൾ വീതം ഉണ്ടെന്നാണ് കരുതുന്നത്. 2025ഓടെ അതിന്‍റെ എണ്ണം 200 ആയി കൂടും. ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടർന്ന് ഇരു രാജ്യങ്ങളും യുദ്ധ ഭീഷണി മുഴക്കിയിരുന്നു. ആണ്വായുധ ഉപയോഗത്തിന് മടിക്കില്ലെന്ന് ഇരുരാജ്യത്തെയും നേതാക്കൾ പറഞ്ഞിരുന്നു. ഇന്ത്യ−−-പാക് യുദ്ധം ലോകത്തെ മരണനിരക്ക് ഇരട്ടിയാക്കുമെന്ന് കൊളറാഡോ ബൗൾഡർ യൂണിവേഴ്സിറ്റിയിലെ ബ്രെയിൻ ടൂൺ പറഞ്ഞു. ലോകത്ത് അണ്വായുധ യുദ്ധം നേരത്തെ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അണ്വായുധപ്രയോഗമുണ്ടായാൽ ബോംബ് വീഴുന്ന സ്ഥലത്തു മാത്രമല്ല ലോകം മുഴുവൻ ഭീഷണിയാണെന്ന് റട്ടേഴ്സ് യൂണിവേഴ്സിറ്റി−ന്യൂ ബേൺസ്‌വികിലെ അലൻ റൊബോക് പറഞ്ഞു. 2025−ൽ ഇന്ത്യ− പാക് യുദ്ധമുണ്ടാകുന്നത് സംബന്ധിച്ചുള്ള ഇരുവരുടെയും പഠനം സയൻസ് അഡ്വാൻസ് ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കാശ്മീർ വിഷയത്തിൽ യുദ്ധഭീഷണി മുഴക്കിവരുന്ന രാജ്യങ്ങൾ തമ്മിൽ 2025ൽ യുദ്ധമുണ്ടായാൽ 400 മുതൽ 500 വരെ അണ്വായുധങ്ങൾ പ്രയോഗിക്കുമെന്നും റിപ്പോർട്ട് പറയുന്നു. യുദ്ധത്തിന്‍റെ ഫലമായി 1.6 കോടി മുതൽ 3.6 കോടി ടൺ കാർബൺ കണങ്ങൾ അന്തരീക്ഷത്തിൽ എത്തുകയും ഒരാഴ്ച കൊണ്ട് ഇതു ലോകം മുഴുവൻ വ്യാപിക്കുകയും ചെയ്യും. ഇതു മൂലം ഭൂമിയിൽ എത്തുന്ന സൂര്യപ്രകാശത്തിന്‍റെ അളവ് 20 മുതൽ 35 ശതമാനം വരെ കുറയും. ഭൂമിയുടെ അന്തീക്ഷ ഊഷ്‌മാവ് രണ്ടു മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ കുറയും. 15 മുതൽ 30 ശതമാനം വരെ മഴക്കുറവ് ഉണ്ടാകും.
ലോകത്തെ ഭക്ഷ്യോത്പാദനം 15 മുതൽ 30 ശതമാനം വരെ കുറയുകയും സമുദ്രജാലങ്ങളുടെ പ്രത്യുത്പാദനശേഷി അഞ്ചു മുതൽ 15 ശതമാനം വരെ കുറയുകയും ചെയ്യും. ഈ പ്രതിഭാസങ്ങളെയെല്ലാം മറികടക്കാൻ പത്തുവർഷം എടുക്കുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ലോകത്ത് ഒന്പതു രാജ്യങ്ങൾക്ക് ആണ്വായുധങ്ങൾ ഉണ്ടെങ്കിലും ഇന്ത്യയും പാക്കിസ്ഥാനും മാത്രമാണ് ആയുധശേഷി ഇത്രകണ്ട് വർധിപ്പിക്കുന്നതെന്ന് റൊബോക് പറഞ്ഞു.

