ഇന്ത്യൻ വംശജനായ യു.എസ് കോടീശ്വരൻ തുഷാർ ആത്രെ കാറിൽ മരിച്ചനിലയിൽ
വാഷിംഗ്ടൺ: ഇന്ത്യൻ വംശജനായ അമേരിക്കൻ കോടീശ്വരൻ തുഷാർ ആത്രെ (50)യെ ബി.എം.ഡബ്ൽയു. കാറിൽ മരിച്ചനിലയിൽ. കഴിഞ്ഞ ചൊവ്വാഴ്‌ച പുലർച്ചെ കലിഫോർണിയയിലെ സാന്താക്രൂസിലുള്ള വസതിയിൽനിന്നു തുഷാറിനെ ചിലർ അദ്ദേഹത്തിന്റെ കാമുകിയുടെ കാറിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ആത്രെനെറ്റ് എന്ന ഡിജിറ്റൽ മാർക്കറ്റിംഗ് കന്പനി ഉടമയായ തുഷാർ ഔഷധാവശ്യങ്ങൾക്കായുള്ള മരിജുവാന മയക്കുമരുന്നിന്റെ ഉൽപ്പാദന കന്പനിയും നടത്തിയിരുന്നു. വീട്ടിൽ അതിക്രമിച്ചുകയറിയ ചിലർ തുഷാറിനെ തട്ടിക്കൊണ്ടുപോയതായി സാമൂഹികസുരക്ഷാവിഭാഗമായ സാന്താക്രൂസ് കൗണ്ടി ഷെരീഫിന്റെ ഓഫീസിൽ ഫോൺ സന്ദേശം ലഭിച്ചിരുന്നു. അന്ന് ഉച്ചകഴിഞ്ഞുതന്നെ സാന്താക്രൂസ് മൗണ്ടൻസിൽ കാറിനുള്ളിൽ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി. കവർച്ചയുടെ ഭാഗമായി നടന്ന കൊലപാതകമെന്നാണു കൗണ്ടി ഷെരീഫിന്റെ നിഗമനം.
കേസുമായി ബന്ധപ്പെട്ടു രണ്ടുപേർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. തുഷാറിനെ തട്ടിക്കൊണ്ടുപോകുന്പോൾ വസതിയിൽ ഒട്ടേറെപ്പേരുണ്ടായിരുന്നതിനാൽ അന്വേഷണസംഘം മറ്റു സാധ്യതകളും തള്ളിക്കളയുന്നില്ല. വീട്ടിലുണ്ടായിരുന്നവരിൽ ഒരാളാണു സംഭവം അധികൃതരെ വിളിച്ചറിയിച്ചത്.
മരിജുവാന ബിസിനസിൽ തുഷാർ പുതിയ ആളായിരുന്നു എന്നതും സംഭവത്തിന്റെ ദുരൂഹത വർദ്‍ധിപ്പിക്കുന്നു. വെബ്‌സൈറ്റ് രൂപകൽപ്പന കന്പനിയും അദ്ദേഹത്തിന്റെ ബിസിനസ് സംരംഭങ്ങളുടെ ഭാഗമായിരുന്നു.

