രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബർ വിമാനം തകർന്നു വീണ് ഏഴു പേർ മരിച്ചു
ന്യുയോർക്ക്: യുഎസിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബർ വിമാനം തകർന്നു വീണ് ഏഴു പേർ മരിച്ചു. കണക്ടിക്കട്ട് സംസ്ഥാനത്തെ വിമാനത്താവളത്തിൽ ബുധനാഴ്ചയായിരുന്നു അപകടമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 13 പേരാണു വിമാനത്തിലുണ്ടായിരുന്നത്. ബോയിംഗ് ബി-17 വിമാനമാണു തകർന്നുവീണത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമനിക്കും ജപ്പാനുമെതിരേ ആക്രമണം നടത്താൻ യുഎസ് വ്യോമസേന ഈ വിമാനത്തെ ഉപയോഗിച്ചിരുന്നു. ബ്രാഡ്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനു ശ്രമിക്കവെയാണു വിമാനം തകർന്നത്. 10 യാത്രക്കാരും മൂന്നു ജീവനക്കാരും കോളിൻസ് ഫൗണ്ടേഷന്‍റെ ഉടമസ്ഥതയിലുള്ള ഈ വിമാനത്തിലുണ്ടായിരുന്നു. വിന്േറജ് വിമാനങ്ങൾ പരിരക്ഷിക്കുന്ന സ്ഥാപനമാണിത്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഒന്പതു പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇതിൽ മൂന്നു പേർ വിമാനം തകർന്നുവീണ സമയം നിലത്തുണ്ടായിരുന്നവരാണ്. സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമെന്നാണു പ്രഥമിക നിഗമനം.

