ആണവ കരാറിൽ നിന്നും പിന്മാറാനുള്ള അമേരിക്കയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യം
മോസ്കോ : ആണവ കരാറിൽ നിന്നും പിന്മാറാനുള്ള അമേരിക്കയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യയും ഇറാനും രംഗത്ത്. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവും ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫും തമ്മിൽ മോസ്കോയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ചർച്ചചെയ്തത്. കരാറുമായി ബന്ധപ്പെട്ട ആശങ്കകളും കൂടിക്കാഴ്ചയിൽ ഉയർന്നു.
ഇറാൻ ന്യൂക്ലിയർ കരാറുമായി ബന്ധപ്പെട്ട ആശങ്കകളായിരുന്നു കൂടിക്കാഴ്ചയിൽ ചർച്ചയായത്. കരാറിൽ നിന്നും പിന്മാറാനുള്ള അമേരിക്കയുടെ തീരുമാനം പുനഃപരിശോധിക്കേണ്ടതുണ്ടെന്നും ആണവലകരാറിൽ ഭേദഗതി വരുത്തുന്നതുമായി ബന്ധപ്പെട്ട് ജെ.സി.പി.ഒ.എയിലെ ചില അംഗങ്ങളിൽ നിന്നുള്ള വിരുദ്ധ നിലപാടുകളാണ് അമേരിക്കയെ കരാറിൽ നിന്നും പിന്നോട്ടടിച്ചതെന്നും ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് വാദ് സരീഫ് പറഞ്ഞു. സംയുക്ത സമഗ്ര കർമ്മപദ്ധതിയായ ആണവ കരാറിന്റെ ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തേണ്ട സമയമായെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. സിറിയയിലെ നിലവിലെ സാഹചര്യം ഉൾപ്പെടെ ദേശീയ അന്തർദേശീയ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചാ വിഷമായി.

