ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രം അടുത്തമാസം അടച്ചുപൂട്ടും
സോൾ : ഉത്തരകൊറിയയിലെ ആണവപരീക്ഷണശാല മെയ് മാസത്തിൽ അടച്ചുപൂട്ടുമെന്ന് ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉൻ വാഗ്ദാനം ചെയ്തതായി ദക്ഷിണ കൊറിയൻ പ്രസിഡണ്ടിന്റെ ഓഫീസ് അറിയിച്ചു. ദക്ഷിണ കൊറിയ നേതാവ് മൂൻ ജേ ഇന്നുമായി വെള്ളിയാഴ്ച്ച നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഉൻ ഇത്തരമൊരു വാഗ്ദാനം നൽകിയത്. പരിപൂർണ്ണ ആണവ നിരായൂധീകരണം ലക്ഷ്യം വെച്ച് ഉത്തരകൊറിയയും ദക്ഷിണ കൊറിയയും പരസ്പരം സഹകരിച്ചു നടത്തിയ ഉച്ചകോടിയിലാണ് കിം ജോംഗ് ഉൻ ഇത്തരമൊരു വഗ്ദാനം നടത്തിയത്. ആണവ പരീക്ഷണ ശാല മെയ് മാസത്തോടെ അടച്ചുപൂട്ടും. പൊതുജനങ്ങളുടെയും വിദഗ്ദ്ധരുടെയും മാധ്യമ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിലായിരിക്കും ആണവപരീക്ഷണകേന്ദ്രം അടച്ചുപൂട്ടുക.
ആ പ്രവൃത്തിയുടെ സുതാര്യതയ്ക്ക് വേണ്ടിയാണ് മാധ്യമപ്രവർത്തകരെയും വിദഗ്ദ്ധരെയും ക്ഷണിക്കുന്നതെന്ന് ഉൻ വ്യക്തമാക്കിയതായും മൂൻ ജേ ഇൻ പറഞ്ഞു. യുഎസ്സിന് തങ്ങൾ ധിക്കാരികളായാണ് തോന്നുന്നത്. എന്നാൽ ദക്ഷിണ കൊറിയയ്ക്ക് നേരെയും യു.എസ്സിന് നേരെയും ആണവായുധങ്ങൾ തൊടുത്തുവിടുന്ന ആളല്ല താനെന്ന് ഒരിക്കൽ സംസാരിച്ചു തുടങ്ങിയാൽ യു.എസ്സിന് മനസ്സിലാവുമെന്ന് കിം പറഞ്ഞതായി യൂൻ ജേ ഇൻ വ്യക്തമാക്കി. ഇത്തരത്തിൽ ഇടയ്ക്കിടെ പരസ്പരം സന്ധിക്കുന്നതോടെ ആ ധാരണ മാറി പരസ്പര വിശ്വാസം കെട്ടിപ്പടുക്കാം. അതോടെ യുദ്ധവും അധിനിവേശ ശ്രമങ്ങളും ഇല്ലാതാവും. ആണവായുധങ്ങൾ കൊണ്ട് ജീവിക്കേണ്ട ആവശ്യം നമുക്കെന്തിനാണെന്ന് കിം ജോംഗ് ഉൻ ചോദിച്ചതായി മൂൻ ജേ ഇന്നിന്റെ വക്താവ് യൂൻ യങ് ചാൻ അറിയിച്ചു. ട്രംപ്-ഉൻ കൂടിക്കാഴ്ച്ച നടക്കാനിരിക്കേയുള്ള ഈ പ്രസ്താവന ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുമെന്നാണ് കരുതുന്നത്.
ഇരുരാജ്യങ്ങൾക്കും ഒരേ സമയക്രമം കൊണ്ടുവരുന്നതിനെ കുറിച്ചുള്ള ആലോചനകൾ നടക്കുന്നുണ്ടന്നും യൂൻ അറിയിച്ചു. 2015ൽ പ്രത്യേക പ്യോംഗ്യാംഗ് സമയം ക്രമീകരിക്കുന്നതുവരെ ദക്ഷിണകൊറിയയ്ക്കും ഉത്തരകൊറിയയ്ക്കും ജപ്പാനും ഒരേ സമയമായിരുന്നു. ദക്ഷിണ കൊറിയയുമായും യു.എസ്സുമായുള്ള സഹകരണം മെച്ചപ്പെടുത്താനാണ് സമയ ക്രീമകരണം എന്നും ഉൻ അറിയിച്ചു.
ട്രംപ്-ഉൻ കൂടിക്കാഴ്ച അടുത്തമാസം അവസാനത്തോടെ ഉണ്ടാകുമെന്നും ഇനിന്‍റെ ഓഫീസ് അറിയിച്ചു.

