ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ സ്ഥാനത്തേക്ക് രഘുറാം രാജനേയും പരിഗണിക്കുന്നു

ലണ്ടൻ : റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മേധാവിയായി പരിഗണിക്കുന്നതായി റിപ്പോർട്ട്. ലോക പ്രശസ്ത സാന്പത്തിക വിദഗ്ധനായ രഘുറാം രാജന് ഈ സ്ഥാനം ലഭിക്കാൻ വലിയ സാധ്യതയാണുള്ളതെന്നും ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഗവർണർ സ്ഥാനത്തേക്ക് ബ്രിട്ടീഷുകാരനല്ലാത്ത ഒരാൾ വരുമെന്ന തരത്തിലാണ് വാർത്ത. രഘുറാം രാജനൊപ്പം ആൻഡ്രൂ ബെയ്ലി, ബെൻ ബ്രോഡ്ബെന്‍റ്, ഇന്ത്യൻ വംശജയായ ബാരോൺസ് ശ്രിതീ വധേര, ആൻഡി ഹാൾഡനെ, മിനോച്ചി ഷാഫി എന്നീ പേരുകളാണ് ഫിനാൻഷ്യൽ ടൈംസ് മുന്നോട്ട് വെച്ചിരിക്കുന്നത്. നിലവിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണറായ മാർക്ക് കാർണിയുടെ കാലാവധി അടുത്ത വർഷം പൂർത്തിയാകും.
റിസർവ് ബാങ്ക് ഗവർണറായിരിക്കെ അദ്ദേഹം കൈവരിച്ച നേട്ടങ്ങളും കേന്ദ്രീകൃത ബാങ്കിങ്ങിൽ അദ്ദേഹത്തിനുള്ള പരിചയവും സാന്പത്തിക വിദഗ്ധൻ എന്ന നിലിയിൽ അന്താരാഷ്ട്ര തലത്തിൽ നേടിയിട്ടുള്ള അംഗീകാരങ്ങളും രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മേധാവിയായി പരിഗണിക്കുന്നതിൽ നിർണായകമാകും. എന്നാൽ ഇത്തരമൊരു പദവി ഏറ്റെടുക്കുന്നത് സംബന്ധിച്ച് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. നിലവിൽ ചിക്കാഗോ സർവകലാശാലയിൽ പ്രൊഫസറായി ജോലി ചെയ്യുകയാണ് അദേഹം.
2013ൽ ആണ് റിസർവ് ബാങ്ക് ഗവർണറായി രഘുറാം രാജനെ നിയമിക്കുന്നത്. കാലാവധി പൂർത്തിയാക്കിയ രഘുറാം രാജനെ തൽസ്ഥാനത്ത് തുടരാൻ സർക്കാർ ക്ഷണിക്കാതിരുന്നത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.