പരസ്യമായി സ്നേഹ പ്രകടനം നടത്തിയ അവിവാഹിതർക്ക് ഇന്തോനേഷ്യയിൽ ചൂരലടി

ജക്കാർത്ത : ഇന്തോനേഷ്യയിലെ ആച്ചേ പ്രവിശ്യയിൽ പരസ്യമായി സ‌്നേഹപ്രകടനം നടത്തിയതിന‌് അവിവാഹിതരായ ആറ് യുവതീയുവാക്കൾക്ക്് ചൂരലടിശിക്ഷ. നൂറുകണക്കിന് കാഴ്ചക്കാരുടെ മുന്നിൽ വെച്ചാണ് ശിക്ഷ നടപ്പാക്കിയത്. വേശ്യാവൃത്തിക്കു പിടിയിലായ രണ്ട് സ്ത്രീകൾക്കും ഇവർക്കൊപ്പം ശിക്ഷ നടപ്പാക്കി.
ശിക്ഷാവിധി പൊതുസ്ഥലങ്ങളിൽ നടപ്പാക്കുന്നത് അവസാനിപ്പിക്കുമെന്ന് കഴിഞ്ഞമാസം ആദ്യം പ്രവിശ്യാ ഗവർണർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനു പിന്നാലെയാണ് നൂറുകണക്കിന് കാഴ്ചക്കാരുടെ മുന്നിൽ വെച്ച് വെള്ളിയാഴ്ച ശിക്ഷ നടപ്പാക്കിയത്.
വേശ്യാവൃത്തിക്കു പിടിയിലായവർക്ക് 11 തവണയാണ് അടി കൊടുത്തത്. ശിക്ഷാവിധി നടപ്പാക്കുന്നതിനിടെ ഒരു സ്ത്രീ കൈകൾ ഉയർത്തുകയും വേദന സഹിക്കാനാവില്ലെന്നും പറഞ്ഞിരുന്നു. അഞ്ചാമത്തെ അടിക്കു ശേഷമായിരുന്നു ഇത്. എന്നാൽ അവർക്ക് കുടിക്കാൻ വെള്ളം നൽകിയ ശേഷം വീണ്ടും അടി തുടർന്നു. അതേസമയം 11 മുതൽ 22 വരെ അടികളാണ് പരസ്യമായി സ്നേഹപ്രകടനം നടത്തിയവർക്ക് നൽകിയത്.
പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരാത്തതുകൊണ്ടാണ‌് പരസ്യശിക്ഷ തുടരുന്നതെന്ന‌് ഡെപ്യൂട്ടി മേയർ സൈനാൾ അരിഫിൻ പറഞ്ഞു.
നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ പരസ്യശിക്ഷ ഒഴിവാകുമെന്നും കൂട്ടിച്ചേർത്തു.