ഇസ്രയേലി പട്ടാളക്കാരെ തല്ലിയ പതിനേഴുകാരിക്ക് എട്ട് മാസം തടവ്
പലസ്തീൻ : ഇസ്രയേലി പട്ടാളക്കാരെ തല്ലുകയും തൊഴിക്കുകയും ചെയ്ത കുറ്റത്തിന് പലസ്തീൻ കൗമാരപ്രായക്കാരിക്ക് സൈനിക കോടതി എട്ടുമാസത്തെ തടവുശിക്ഷ വിധിച്ചു.
വെസ്റ്റ്ബാങ്കിലെ നബി സലേ ഗ്രാമത്തിലെ തന്‍റെ വീടിനു മുന്നിൽ വച്ചാണ് അഹെദ് തമീമി (17) ഇസ്രയേലി സൈനികരെ മർദിച്ചത്. ഡിസംബർ 15നു പുറത്തായ ഇതിന്‍റെ വീഡിയോ വൈറലായി. തമീമിയും അവളുടെ കസിനും ചേർന്ന് തങ്ങളുടെ വീടിരിക്കുന്ന മേഖലയിൽ നിന്നു സ്ഥലം വിടാൻ പട്ടാളക്കാരോട് ആജ്ഞാപിച്ചു. തുടർന്ന് പട്ടാളക്കാരെ ഉന്തി പുറത്താക്കുകയും തല്ലുകയും തൊഴിക്കുകയും ചെയ്യുന്നതിന്‍റെയും ദൃശ്യങ്ങളാണു വീഡിയോയിലുള്ളത്.
സൈനിക കോടതിയിലെ പ്രോസിക്യൂട്ടർമാരുമായി ഒത്തുതീർപ്പുണ്ടാക്കിയതിനെത്തുടർന്നാണു തമീമിയുടെ ശിക്ഷാകാലാവധി കുറക്കാനായത്. ഇതനുസരിച്ച് 12 ആരോപണങ്ങളിൽ നാലെണ്ണത്തിൽ തമീമി കുറ്റം സമ്മതിച്ചു. പന്ത്രണ്ടിലും ശിക്ഷ കിട്ടിയിരുന്നെങ്കിൽ വർഷങ്ങളോളം തടവറയ്ക്കുള്ളിൽ കഴിയേണ്ടി വരുമായിരുന്നു. എട്ടുമാസം തടവിനു പുറമേ തമീമിക്ക് 1430 ഡോളർ പിഴയും കോടതി വിധിച്ചു. തമീമിയുടെ മാതാവിനും കസിനും യഥാക്രമം എട്ടുമാസവും 16 ദിവസവും തടവുശിക്ഷ ലഭിച്ചു.

