ആധാർ സോഫ്റ്റ്വെയർ വിദേശ കന്പനിയുടേത് : വിവരങ്ങൾ ചോരില്ലെന്ന് യു.ഐ.ഡി.എ.ഐ
ന്യൂഡൽഹി : ആധാർ ബയോമെട്രിക് മാച്ചിംഗ് സോഫ്റ്റ്്‍വെയർ വാങ്ങിയത് വിദേശ കന്പനിയിൽ നിന്നാണെന്ന് യു.ഐ.ഡി.എ.ഐ. എന്നാൽ സെർവർ ഇന്ത്യയുടേതായതിനാൽ വിവരങ്ങൾ വിദേശകന്പനിക്ക് ലഭ്യമാകില്ലെന്നും യു.ഐ.ഡി.എ.ഐ സുപ്രീംകോടതിയെ ബോധിപ്പിച്ചു. സുപ്രീംകോടതിയിൽ ആധാർ സുരക്ഷയെ സംബന്ധിച്ച് പവർ പോയന്റ് അവതരണത്തിലായിരുന്ന് ഇക്കാര്യങ്ങൾ അറിയിച്ചത്.
ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട ആധാർ വിവരങ്ങൾ കൈമാറും. യു.ഐ.ഡി.എ.ഐ ആരുടെയും അനുവാദമില്ലാതെ ആധാർ വിവരങ്ങൾ ശേഖരിക്കാറോ കൈമാറാറോ ഇല്ല. എന്നാൽ ജില്ലാ ജഡ്ജിയുടെ അനുവാദമുണ്ടെങ്കിൽ ആധാർ വിവരങ്ങൾ കൈമാറുമെന്നും ആധാർ അതോറിറ്റി അജയ് ബൂഷൺ പാണ്ധെ അറിയിച്ചു.
ആധാറിന്റെ സുരക്ഷ വിശദീകരിക്കാൻ യു.ഐ.ഡി.എ.ഐക്ക് സുപ്രീംകോടതിയുടെ അനുമതി ലഭിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗഭരണഘടനാ ബെഞ്ചാണ് അനുമതി നൽകിയത്. പവർപോയിന്‍റ് അവതരണത്തിന് തയാറാണെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.
അതേസമയം ആധാർ ബന്ധിപ്പിക്കലിന്റെ അവസാന തീയതി വ്യക്തമാക്കിക്കൊണ്ടുള്ള സന്ദേശങ്ങൾ അയയ്ക്കരുതെന്ന് മൊബൈൽ കന്പനികൾക്ക് ടെലികമ്യൂണിക്കേഷൻസ് വകുപ്പ് നിർദേശം നൽകി. മൊബൈൽ നന്പറുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അയയ്ക്കുന്ന ശബ്ദ സന്ദേശങ്ങളിലോ എസ്.എം.എസുകളിലോ അവസാന തീയതി എന്നാണെന്ന വിവരം ഉൾപ്പെടുത്തരുതെന്നാണ് നിർദേശം.
ആധാർ ബന്ധിപ്പിക്കലിനുള്ള തീയതി സംബന്ധിച്ച് സുപ്രീംകോടതി അന്തിമ ഉത്തരവ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ലാത്തതിനാൽ ആധാർ ബന്ധിപ്പിക്കലിന്റെ അവസാന തീയതി പരാമർശിക്കരുതെന്നാണ് നിർദേശിച്ചിട്ടുള്ളത്.

