ബ്രിട്ടന് വേണ്ടി ചാരപ്പണി ചെയ്ത മുൻ റഷ്യൻ സൈനിക ഉദ്യോഗസ്ഥന് നേരെ ‘വിഷവസ്തു’ പ്രയോഗം
ലണ്ടൻ : ബ്രിട്ടനു വേണ്ടി ചാരപ്പണി ചെയ്ത മുൻ റഷ്യൻ സൈനിക ഉദ്യോഗസ്ഥനു നേരെ അജ്ഞാത ‘വിഷവസ്തു’ പ്രയോഗം. ഇതേത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സെർജി സ്ക്രിപൽ(66) എന്ന മുൻ റഷ്യൻ മിലിട്ടറി ഇന്റലിജന്റ്സ് ഓഫിസറുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. ഇദ്ദേഹത്തോടൊപ്പം ഒരു പെൺകുട്ടിക്കും വിഷപ്രയോഗം ഏറ്റിട്ടുണ്ട്. മുപ്പത്തിമൂന്നുകാരിയായ ഇവരെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ബ്രിട്ടനിലെ സാലിസ്ബറിയിലെ ഷോപ്പിംഗ് സെന്ററിൽ റസ്റ്ററന്റിനു മുന്നിൽ വച്ചായിരുന്നു സംഭവം. യുവതി ബോധരഹിതയായ നിലയിലായിരുന്നു. ലഹരിവസ്തു ഉപയോഗിച്ചതു പോലെ, സെർജി ആകാശത്തേക്കു നോക്കി അംഗവിക്ഷേപങ്ങൾ കാണിക്കുന്നതു കണ്ട ഒരാളാണു പോലീസിൽ വിവരം അറിയിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല.
സംഭവം നടന്ന റസ്റ്ററന്റ് അടച്ചു. അതിനു സമീപത്തുണ്ടായിരുന്ന ആർക്കെങ്കിലും അസ്വസ്ഥ തോന്നുകയാണെങ്കിൽ വൈദ്യസഹായം തേടാനോ പോലീസിനെ അറിയിക്കാനോ നിർദേശിച്ചിട്ടുണ്ട്. സെർജിയും യുവതിയും ഇരുന്ന ബെഞ്ചിനു സമീപത്തുനിന്ന് ‘അജ്ഞാത’ വസ്തുവും പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ സാംപിളുകൾ കൂടുതൽ പരിശോധനയ്ക്കായി ശേഖരിച്ചു. സംഭവത്തിനു പിന്നിൽ അസ്വാഭാവികമായി എന്തെങ്കിലും ഉണ്ടോയെന്നു പരിശോധിക്കുകയാണെന്നും പോലീസ് അറിയിച്ചു.
റഷ്യൻ സൈന്യത്തിലെ മുൻ കേണലായിരുന്ന സെർജി യൂറോപ്പിൽ പലയിടങ്ങളിലായുള്ള റഷ്യയുടെ ഏജന്റുമാരുടെ വിവരങ്ങൾ ചോർത്തിക്കൊടുത്തതിനാണു പിടിയിലായത്. ബ്രിട്ടന്റെ ചാരസംഘടനയായ എം.ഐ.6ന് ഉൾപ്പെടെയായിരുന്നു വിവരങ്ങൾ ചോർത്തി നൽകിയത്. ഇതിനു പ്രതിഫലമായി ഒരു ലക്ഷം ഡോളർ കൈപ്പറ്റുകയും ചെയ്തെന്നും തെളിയിക്കപ്പെട്ടു.

