കാണാതായ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ച നിലയിൽ
കാസർഗോഡ്: നാലുദിവസം മുന്പ് കാണാതായ പത്താം ക്ലാസ് വിദ്യാർത്‍ഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നാട്ടുകാർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്നലെ പുലർച്ചെ ഒന്നോടെ കളനാട് ഓവർ ബ്രിഡ്ജിന് സമീപത്തെ റെയിൽവേ ട്രാക്കിനരികിലെ ഓവുചാലിൽ നാട്ടുകാർ കുട്ടിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. മൂന്ന് കുട്ടികൾ ഉൾപ്പെട്ട നാലംഗസംഘം റെയിൽവേ ട്രാക്കിൽ ഇരിക്കെ ട്രെയിൻ തട്ടിയാണ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചതെന്ന് ബേക്കൽ പോലീസ് പറഞ്ഞു.
പെയിന്‍റിംഗ് തൊഴിലാളി വിനീഷ് (21) ആണ് ഇവരോടൊപ്പം റെയിൽവേ ട്രാക്കിലുണ്ടായിരുന്നത്. ഇതിൽ ഒരു കുട്ടി ഒഴികെ ബാക്കി മൂന്നുപേരും കഞ്ചാവ് ഉപയോഗിച്ചിരുന്നെന്നും പോലീസ് പറഞ്ഞു. ഷമീർ (28) എന്ന യുവാവണ് ഇവർക്ക് കഞ്ചാവ് നൽകിയിരുന്നത്. ഇടിയുടെ ആഘാതത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഓവുചാലിലേക്ക് തെറിച്ചുവീഴുന്നത് ഒപ്പമുണ്ടായിരുന്നവർ നേരിൽ കണ്ടെങ്കിലും ഭയംമൂലം സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞില്ല.
സ്കൂളിൽ നടക്കുന്ന സെന്‍റ് ഓഫ് പരിപാടിയിൽ ധരിക്കാനുള്ള വസ്ത്രങ്ങൾ വാങ്ങാനെന്ന് പറഞ്ഞ് വീട്ടിൽനിന്നു ഒന്നാം തീയതി വൈകുന്നരം പണവും വാങ്ങി പോയതായിരുന്നു വിദ്യാർത്ഥി. തിരിച്ചെത്താത്തതിനെത്തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇതേത്തുടർന്ന് ദിവസങ്ങളായി നാട്ടുകാരും പോലീസും ചേർന്ന് വ്യാപകമായി തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെ നാട്ടുകാർ സംശയം തോന്നി വിനീഷിനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിയുന്നത്. പോലീസ് സർജൻ ഗോപാലകൃഷ്ണപിള്ള സംഭവസ്ഥലം സന്ദർശിച്ചു.

