ജനവാസമില്ലാത്ത ദ്വീപിൽ റോഹിങ്ക്യകൾക്ക് താമസമൊരുക്കി ബംഗ്ലാദേശ്
ധാക്ക : മ്യാന്മറിലെ വംശീയ കലാപം ഭയന്ന് ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യൻ ജനതയ്ക്ക് ബംഗ്ലാദേശ് സർക്കാർ ബംഗാൾ ഉൾക്കടലിലെ ജനവാസമില്ലാത്ത ഭസൻ ചാർ ദ്വീപിൽ പുതിയ വീടുകൾ പണിയാൻ പദ്ധതിയിടുന്നു. 1,00,000 റോഹിങ്ക്യൻ അഭയാർത്ഥികൾക്കായാണ് ഇവിടെ വീടുകൾ പണിയുന്നത്.
കോക്സ് ബസാർ ക്യാന്പിൽ അഭയാർത്ഥികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിനാലാണ് താഴ്ന്ന പ്രദേശമായ ദ്വീപിൽ താത്കാലിക ക്രമീകരണം ഒരുക്കന്നതെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന പറഞ്ഞു.
മ്യാന്മറിലെ റാഖ സംസ്ഥാനത്ത് നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം ഏഴു ലക്ഷത്തിലധികം റോഹിങ്ക്യൻ അഭയാർത്ഥികൾ കോക്സ്സ് ബസാറിൽ എത്തിച്ചേർന്നിട്ടുണ്ട്. കൂടാതെ കുടാപലോങ്, ബലൂഖലി മെഗാ ക്യാന്പുകളിലും അഭയാർത്ഥികൾ താമസിക്കുന്നുണ്ട്.
ദ്വീപിൽ റോഡുകളും ഹെലിപാഡും നിർമിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. സോളർ പാനൽ ഘടിപ്പിച്ച ഭവനസമുച്ചയങ്ങൾ പൂർത്തിയാകുന്നതോടെ കോക്സ് ബസാറിൽനിന്ന് കുറച്ച് അഭയാർത്ഥികളെ ഇങ്ങോട്ടു മാറ്റും. ദ്വീപിലേക്കു മാറാൻ സ്വയം സന്നദ്ധരായി മുന്നോട്ടുവരുന്നവരെ പരിഗണിക്കുകയോ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുകയോ ചെയ്യുമെന്ന് ബംഗ്ലദേശ് അധികൃതർ പറയുന്നു.
അഭയാർത്ഥികൾക്ക് തിരികെ മ്യാന്മറിലേയ്ക്ക് പോകാനോ, അല്ലെങ്കിൽ മൂന്നാമതൊരു രാജ്യത്ത് അഭയം തേടിയിട്ടുണ്ടെങ്കിലോ മാത്രമേ ഇവിടെ നിന്ന് പോകാൻ കഴിയുകയുള്ളുവെന്ന് ബംഗ്ലാദേശ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ ഇവിടെ ചില നിയന്ത്രണങ്ങളുണ്ടാകുമെന്നും ദ്വീപ് എപ്പോഴും പോലീസ് നിയന്ത്രണത്തിലായിരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബംഗ്ലാദേശിന്റെ വോട്ടർ കാർഡോ പാസ്പോർട്ടോ ഇവർക്ക് നൽകാനാകില്ലെന്നും കഴിയുന്ന സഹായങ്ങൾ ചെയ്യുമെന്നും ബംഗ്ലാദേശ് വ്യക്തമാക്കി.
മഴക്കാലം എത്തുന്നതിന് മുന്പ് തന്നെ അഭയാർത്ഥികളെ ഇവിടെ എത്തിക്കാനാണ് ബംഗ്ലാദേശ് ലക്ഷ്യമാക്കുന്നത്. അതിനായി ബ്രിട്ടീഷ്, ചൈനീസ് എഞ്ചിനീയർമാരുടെ നേതൃത്വത്തിൽ ദ്വീപിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

