കാട്ടാനയുടെ ആക്രമണം: ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
സുൽത്താന്ബത്തേരി: തമിഴ്നാട് പാക്കണയിൽ കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ബിദർക്കാട് പാക്കണ തായാട്ടിൽ നൗഫലിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി ഒന്പതരയോടെ കുന്നലാടിയിൽനിന്ന് പാക്കണയിലേക്ക് ബൈക്കിൽ പോവുന്പോൾ പുത്തൂർവയൽ പാലത്തിന്റെ സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ഇടത് കാലിന് ഗുരുതരമായി പരിക്കേറ്റ നൗഫലിനെ ബത്തേരിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് പൂർണമായും തകർന്നു. കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് ബാപ്പൂട്ടി എന്നയാൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

