ഇറാനിലെ അമേരിക്കൻ ആക്രമണം അതിരുകടന്നുവെന്ന് ട്രംപ്; ചർച്ചയ്ക്ക് ആളില്ലാത്ത സ്ഥിതിയെന്ന് വെളിപ്പെടുത്തൽ
ശാരിക
വാഷിംഗ്ടൺ: ഇറാന്റെ ഉന്നത രാഷ്ട്രീയ-സൈനിക നേതൃത്വത്തെ ലക്ഷ്യമിട്ട് യുഎസ് നടത്തിയ വ്യോമാക്രമണങ്ങൾ പരിധിവിട്ടുപോയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നേതൃനിര തകർന്നതോടെ യുദ്ധം അവസാനിപ്പിക്കാൻ തെഹ്റാനിൽ ആരുമായി ചർച്ച നടത്തണമെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം അവിടെ നേതൃശൂന്യത ഉണ്ടായതായും ഒഹായോയിലെ യങ്സ്ടൗണിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ അദ്ദേഹം പറഞ്ഞു.
യുഎസ് സൈനിക നടപടികൾ ഇറാൻ നേതൃത്വത്തിന്റെ തീരുമാനമെടുക്കാനുള്ള ഘടനയെ തകിടം മറിച്ചുവെന്ന് ട്രംപ് തുറന്നുസമ്മതിച്ചു. ആക്രമണങ്ങൾ അതിരുകടന്നുപോയെന്നും ചർച്ചകൾക്ക് പ്രതിനിധികളെ കണ്ടെത്താൻ വല്ലാതെ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേതൃത്വത്തിന് സംഭവിച്ച വൻ നഷ്ടങ്ങളെത്തുടർന്ന് ഇറാനിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് ആരാണെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുകയാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇറാന്റെ ആണവമോഹങ്ങൾക്കെതിരെ കടുത്ത നിലപാടാണ് ട്രംപ് ആവർത്തിച്ചത്. ഭീകരതയെ പിന്തുണയ്ക്കുന്ന പ്രധാന രാജ്യമാണ് ഇറാനെന്നും ഒരുകാലത്തും ആണവായുധം നിർമിക്കാൻ അവരെ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യുഎസ് ആക്രമണങ്ങളിൽ ഇറാന്റെ വ്യോമസേനയും നാവികസേനയും പൂർണമായി തകർക്കപ്പെട്ടെന്നും 159 നാവിക കപ്പലുകൾ മുക്കിയതായും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇറാന്റെ കപ്പലുകൾ തകർക്കപ്പെട്ടെന്ന കണക്കുകൾ സ്ഥിരീകരിക്കുന്ന ഔദ്യോഗിക സൈനിക റിപ്പോർട്ടുകളൊന്നും വൈറ്റ് ഹൗസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
sszdf

