ഇസ്രയേൽ സാഹിത്യ പുരസ്കാരം ഡേവിഡ് ഗ്രോസ്മാന്
ജറുസലേം : പ്രമുഖ എഴുത്തുകാരനായ ഡേവിഡ് ഗ്രോസ്മാൻ (64) ഇസ്രയേലിന്‍റെ ദേശീയ സാഹിത്യ പുരസ്കാരത്തിന് അർഹനായി. രാജ്യത്തെ സാഹിത്യ രംഗത്തെ സ്വാധീനമുള്ള ശബ്ദമാണു ഗ്രോസ്മാന്‍റേതെന്നു പുരസ്കാര പ്രഖ്യാപന വേളയിൽ വിദ്യാഭ്യാസമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു. പലസ്തീൻ പ്രശ്നത്തിൽ ഇസ്രയേലിന്‍റെ നയത്തെ നിശിതമായി എതിർക്കുന്ന ഇസ്രയേലി സാഹിത്യകാരനാണ് ഗ്രോസ്മാൻ.
1970തുകളിൽ സാഹിത്യ രംഗത്തെത്തിയ ഗ്രോസ്മാന് ഇതിനകം തന്നെ നിരവധി ദേശീയ, അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സീ അണ്ടർ ലവ്, ദ യെലോ വിൻഡ്, ടു ദ എൻഡ് ഓഫ് ദ ലാൻഡ് എന്നിങ്ങനെ നിരവധി നോവലുകൾ രചിച്ച അദ്ദേഹത്തിന്‍റെ സൃഷ്ടികൾ മുപ്പതിലധികം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. 1998−ൽ കലാരംഗത്തുള്ളവർക്ക് ഫ്രാൻസ് നൽകുന്ന ഉന്നതബഹുമതിയും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
2017ൽ ‘എ ഹോഴ്സ് വാക്ക്സ് ഇന്‍റു ബാർ’ എന്ന നോവലിന് മാൻബുക്കർ പുരസ്കാരവും ഗ്രോസ്മാന് ലഭിച്ചിട്ടുണ്ട്.

