യു.എസ് പ്രതിനിധി സഭയിൽ എട്ട് മണിക്കൂർ പ്രസംഗിച്ച് പെലോസി റിക്കാർഡിട്ടു
വാഷിംഗ്ടൺ : അമേരിക്കൻ ജനപ്രതിനിധി സഭയിലെ ന്യൂനപക്ഷ ഡെമോക്രാറ്റ് നേതാവായ നാൻസി പെലോസി കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായി സഭയിൽ നിറുത്താതെ സംസാരിച്ചു. ബൈബിളിൽനിന്നും ഫ്രാൻസിസ് മാർപാപ്പയുടെ പ്രസംഗങ്ങളിൽ നിന്നുമുള്ള ഉദ്ധരണികൾ കടമെടുത്തു നടത്തിയ പ്രസംഗം എട്ടു മണിക്കൂർ നീണ്ടു. ഇതോടെ ജനപ്രതിനിധി സഭയിലെ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗത്തിനുള്ള റിക്കാർഡിനും നാൻസി ഉടമയായി.
ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു 77 വയസുള്ള ഡെമോക്രാറ്റ് നേതാവിന്‍റെ പ്രസംഗം. കുട്ടികളായിരിക്കുന്പോൾ അമേരിക്കയിലെത്തപ്പെട്ടവർ (ഡ്രീമേഴ്സ്) നേരിടുന്ന കുടിയിറക്കു ഭീഷണി അവസാനിപ്പിക്കണമെന്നതായിരുന്നു പ്രസംഗത്തിൽ പ്രധാനമായും ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട വോട്ടെടുപ്പിൽ റിപ്പബ്ലിക്കൻമാരുടെ പിന്തുണയും അവർ ആവശ്യപ്പെട്ടു.
രാവിലെ പത്തിനാണ് പെലോസി സംസാരിച്ചു തുടങ്ങിയത്. വൈകീട്ട് 6.11 വരെ അത് നീണ്ടു. അവസാന സമയത്ത് ശബ്ദം ഇടറി. ചാന്പ് ക്ലാർക്ക് 1909ൽ നടത്തിയ 5 മണിക്കൂർ 15 മിനിറ്റ് നീണ്ട പ്രസംഗത്തിന്‍റെ റിക്കാർഡാണ് പെലോസി ഇതോടെ തകർത്തത്.
