യുദ്ധം നാശം വിതച്ച ലോകത്തേക്ക് ഈ ഉയിർത്തെഴുന്നേൽപ്പ് ഐക്യവും സമാധാനവും പ്രദാനം ചെയ്യട്ടെ; മാർപ്പാപ്പ


ശാരിക l അന്തർദേശീയം

വത്തിക്കാൻ സിറ്റി: യുദ്ധം നാശം വിതച്ച ലോകത്തേക്ക് ഈ ഉയിർത്തെഴുന്നേൽപ്പ് ഐക്യവും സമാധാനവും പ്രദാനം ചെയ്യട്ടെയെന്ന് ലിയോ പതിനാലാമൻ മാർപ്പാപ്പ ആഹ്വാനം ചെയ്തു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന ഈസ്റ്റർ കുർബാനയിൽ ആയിരക്കണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

യേശു ഉയിർത്തെഴുന്നേറ്റുവെന്ന വാർത്ത ശിഷ്യന്മാരെ അറിയിക്കാൻ മഗ്ദലന മറിയവും മറ്റ് സ്ത്രീകളും പുറപ്പെട്ടതുപോലെ, ബസിലിക്കയിൽ നിന്ന് നല്ല വാർത്തയുമായി മടങ്ങാനാണ് ഓരോരുത്തരും ആഗ്രഹിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. യേശുവിനോടൊപ്പം ഉയർത്തെഴുന്നേറ്റ് അവന്റെ ശക്തിയിലൂടെ സമാധാനവും ഐക്യവും നിറഞ്ഞൊരു പുതിയ ലോകം സൃഷ്ടിക്കാൻ നമുക്ക് സാധിക്കും. ദൈവത്തിൽ നിന്നും മനുഷ്യനെ അകറ്റുന്ന വലിയൊരു പ്രതിബന്ധം നമുക്കിടയിലുണ്ട്. മനുഷ്യനുള്ളിലെ ദൈവീക പ്രതീക്ഷയുടെ വചനങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഈ തടസ്സത്തെ യേശുവിന്റെ കല്ലറ അടയ്ക്കാൻ ഉപയോഗിച്ച കല്ലിനോടാണ് മാർപ്പാപ്പ ഉപമിച്ചത്.

ഒരിക്കലും നീക്കാൻ കഴിയില്ലെന്ന് കരുതുന്ന ഇത്തരം പാപത്തിന്റെ കല്ലുകൾ ഇന്നുമുണ്ട്. അവിശ്വാസം, ഭയം, സ്വാർത്ഥത, നീരസം എന്നിവയാൽ പലരുടെയും ഹൃദയങ്ങൾ ഭാരപ്പെട്ടിരിക്കുന്നു. ഇത്തരം ആന്തരിക പോരാട്ടങ്ങളിൽ നിന്ന് ഉടലെടുക്കുന്ന യുദ്ധം, അനീതി, രാഷ്ട്രങ്ങളുടെ ഒറ്റപ്പെടൽ എന്നിവ മനുഷ്യബന്ധങ്ങളെ ഇല്ലാതാക്കുന്നു. എന്നാൽ ഇവ കൊണ്ടൊന്നും തളരാൻ പാടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ലോകമെമ്പാടും ഈസ്റ്റർ സമ്മാനങ്ങളായ ഐക്യവും സമാധാനവും വളരാനും അവ അഭിവൃദ്ധിപ്പെടാനും വിശ്വാസികൾ പ്രതിജ്ഞാബദ്ധരാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed