വത്തിക്കാനുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ താൽപ്പര്യം പ്രകടിപ്പിച്ച് ചൈന
ബെയ്ജിംഗ് : പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ‘ജ്ഞാനം’ ഫ്രാൻസിസ് മാർപാപ്പയ്ക്കുണ്ടെന്ന പ്രഖ്യാപനവുമായി ചൈന. ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസിന്റെ മുഖപ്രസംഗത്തിലാണു വത്തിക്കാനുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള താൽപര്യം ചൈന തുറന്നു പ്രഖ്യാപിച്ചത്. ചൈനയും വത്തിക്കാനും തമ്മിൽ നയതന്ത്രബന്ധം രൂപപ്പെടുത്തുമെന്നു മുഖപ്രസംഗം വ്യക്തമാക്കി.
ചൈനീസ് ജനതയ്ക്കു ഫ്രാൻസിസ് മാർപാപ്പയെക്കുറിച്ചു മികച്ച അഭിപ്രായമാണുള്ളത്. ചൈന−വത്തിക്കാൻ ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ അദ്ദേഹത്തിനു സാധിക്കുമെന്നാണു കരുതുന്നത്. ഇരുരാജ്യങ്ങൾക്കുമിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ ജ്ഞാനിയായ ഫ്രാൻസിസ് മാർപാപ്പയ്ക്കു സാധിക്കുമെന്നും മുഖപ്രസംഗം പറയുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്പോഴും ചൈനയിലെ ഭൂരിപക്ഷം വരുന്ന കത്തോലിക്കരല്ലാത്ത ആളുകൾക്ക് വത്തിക്കാനോടു എതിർപ്പില്ല. പരന്പരാഗതമായി മാർപാപ്പമാരെബഹുമാനിക്കുന്നവരാണു ചൈനയിലെ ജനങ്ങളെന്നും മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
മാർപാപ്പയോടു കൂറു പുലർത്തുന്നവരും അദ്ദേഹത്തിന്റെ മേൽക്കോയ്‌മ അംഗീകരിക്കാത്തവരുമായി രണ്ടു വിഭാഗം കത്തോലിക്കാ വിശ്വാസികളാണു ചൈനയിലുള്ളത്. കടുത്ത അഭിപ്രായഭിന്നതകളെ തുടർന്ന് 1951ലാണു വത്തിക്കാനുമായുള്ള നയതന്ത്രബന്ധം ചൈന വിച്ഛേദിച്ചത്. ഇതിനുശേഷം ചൈനയിലെ കത്തോലിക്കാ സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നതു ചൈനീസ് കാത്തലിക് പാട്രിയോട്ടിക് അസോസിയേഷൻ ആണ്. അസോസിയേഷന് അധികാരം നൽകിയതിനെച്ചൊല്ലി ചൈന −വത്തിക്കാൻ തർക്കം നിലവിലുണ്ട്.
സ്ഥാനമേറ്റതു മുതൽ ചൈന സന്ദർശിക്കാനും ബന്ധം മെച്ചപ്പെടുത്താനുമുള്ള താൽപര്യം ഫ്രാൻസിസ് മാർപാപ്പയും പ്രകടിപ്പിക്കുന്നുണ്ട്. 2014 ൽ മാർപാപ്പയുടെ ദക്ഷിണ കൊറിയ സന്ദർശന വേളയിൽ ചൈനയുടെ ആകാശത്തുകൂടി കടന്നുപോകാൻ മാർപാപ്പയുടെ വിമാനത്തിനു അനുമതി നൽകിയിരുന്നു. ചൈനയുടെ ആകാശത്തു കൂടി കടന്നുപോകുന്പോൾ ചൈനീസ് ജനതയ്ക്കു ആശംസയറിയിച്ചു മാർപാപ്പ ടെലഗ്രാം അയച്ചതു വാർത്തയായിരുന്നു.



