ഇറാനിലെ ദൗത്യം ഉടൻ അവസാനിക്കും; ചർച്ചകൾ നടക്കുന്നതായി അമേരിക്ക
ശാരിക I അന്തർദേശീയം
വാഷിംഗ്ടൺ: ഇറാനിൽ അമേരിക്ക നടത്തുന്ന സൈനിക ദൗത്യം ലക്ഷ്യങ്ങൾ കൈവരിച്ചതായും ദൗത്യം ഉടൻ അവസാനിക്കുമെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അറിയിച്ചു. ഇറാനിൽ തുടരാൻ അമേരിക്ക ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ദൗത്യം പൂർത്തിയാകുന്നതോടെ ആഗോള വിപണിയിലെ ഊർജ്ജ വില സാധാരണ നിലയിലാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
ഇറാൻ ചർച്ചകൾക്ക് തയ്യാറാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിക്കുന്നതിനിടെ, ഈ ആഴ്ച തന്നെ ഇരുരാജ്യങ്ങളും തമ്മിൽ നിർണ്ണായക കൂടിക്കാഴ്ചകൾ നടന്നേക്കുമെന്ന് യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും വെളിപ്പെടുത്തി. യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ടുവെച്ച നിർദ്ദേശങ്ങളിൽ ഇറാൻ്റെ മറുപടിക്കായി വാഷിംഗ്ടൺ കാത്തിരിക്കുകയാണെന്നും ഇവർ അറിയിച്ചു.
ഇറാൻ്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഒഴിവാക്കുക, യുറേനിയം സമ്പുഷ്ടീകരണം നിർത്തുക, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ നിയന്ത്രിക്കുക, മേഖലയിലെ സായുധ ഗ്രൂപ്പുകൾക്കുള്ള ധനസഹായം അവസാനിപ്പിക്കുക എന്നിവയാണ് അമേരിക്കൻ പ്ലാനിലെ പ്രധാന വ്യവസ്ഥകൾ.
അതേസമയം, അഞ്ച് പ്രധാന നിബന്ധനകളാണ് ഇറാൻ മുന്നോട്ടുവെച്ചിട്ടുള്ളത്. ആക്രമണങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും അവസാനിപ്പിക്കുക, യുദ്ധം ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തുക, യുദ്ധനഷ്ടപരിഹാരം നൽകുക, എല്ലാ മുന്നണികളിലെയും പോരാട്ടം അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്കിന്മേലുള്ള ഇറാൻ്റെ പരമാധികാരം അംഗീകരിക്കുക എന്നിവയാണിവ. മിയാമിയിൽ നടന്ന സാമ്പത്തിക ഫോറത്തിലാണ് വിറ്റ്‌കോഫ് ചർച്ചകളെക്കുറിച്ചുള്ള സൂചനകൾ നൽകിയത്.
aa



