ഹോങ്കോംഗ് ജനാധിപത്യവാദികളുടെ പേര് അമേരിക്ക സമാധാന നൊബേലിന് നിർദേശിച്ചു

വാഷിംഗ്ടൺ : ചൈനയെ പ്രകോപിപ്പിച്ചു കൊണ്ട് അമേരിക്കൻ കോൺഗ്രസ് അംഗങ്ങൾ ഹോങ്കോംഗ് ജനാധിപത്യവാദികളുടെ പേര് സമാധാന നൊബേലിനു നിർദേശിച്ചു. ഹോങ്കോംഗിൽ ചൈന നടത്തുന്ന രാഷ്ട്രീയ നിയന്ത്രണങ്ങൾക്കെതിരെ 2014ൽ ‘കുടനിവർത്തി സമരം’ നയിച്ച ജോഷ്വ വോങ് (21), നഥാൻ ലോ (24), അലക്സ് ചൗ (27) എന്നീ യുവ സമരനായകന്മാരുടെ പേരുകളാണ്ൈ നാല് ഡെമോക്രാറ്റുകളും എട്ട് റിപ്പബ്ലിക്കൻ അംഗങ്ങളും അടങ്ങിയ സംഘം ശുപാർശ ചെയ്തിരിക്കുന്നത്.
ചൈനീസ് അനുകൂല ഭരണത്തിനു കീഴിൽ കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്നതിനിടെ ഹോങ്കോംഗിൽ രാഷ്ട്രീയ മാറ്റം കൊണ്ടു വരുന്നതിനായി ഇവർ നടത്തുന്ന സമാധാന ശ്രമങ്ങളുടെ പേരിലാണ് നൊബേലിനു ശുപാർശ ചെയ്തത്. മുൻ ബ്രിട്ടിഷ് കോളനിയായ ഹോങ്കോംഗ് 1997ലാണു ചൈനീസ് നിയന്ത്രണത്തിലേക്കു തിരിച്ചു വന്നത്. എന്നാൽ പൂർണ സ്വയംഭരണവും ജനാധിപത്യാവകാശങ്ങളും ആവശ്യപ്പെട്ടു 2014ൽ ഹോങ്കോംഗിൽ ജനകീയപ്രക്ഷോഭം ആരംഭിച്ചിരുന്നു.