യുവതി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

രാജകുമാരി: ചതുരംഗപ്പാറ ക്ലാമറ്റം വീട്ടിൽ ശാന്തമ്മയുടെയും പരേതനായ ജോർജിന്റെയും മകൾ റീന(22)യെ വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പ്രണയത്തിലായിരുന്ന റീനയും വിഷ്ണുവും ഏഴ് മാസം മുന്പാണ്് വിവാഹിതരായത്. വ്യത്യസ്ത സമുദായത്തിൽപ്പെട്ടവരായിരുന്നതിനാൽ വിവാഹം കഴിഞ്ഞ നാൾ മുതൽ റീനയെ ഭർതൃവീട്ടുകാർ ഉപദ്രവിക്കുമായിരുന്നുവെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
ഗാർഹിക പീഡനം സഹിക്കാനാവാതെ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോന്നെങ്കിലും ഭർത്താവ് കൂട്ടിക്കൊണ്ടുപോയി. വെള്ളിയാഴ്ച യുവതി വീണ്ടും വീട്ടിൽ മടങ്ങിയെത്തി. ഭർത്താവ് മർദിച്ചുവെന്നും താലിമാല പൊട്ടിച്ചെറിഞ്ഞെന്നും റീന പറഞ്ഞതായി അമ്മ ശാന്തമ്മ പറയുന്നു. മരണം നടന്ന് 30 മണിക്കൂറിനുശേഷമാണ് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാനായതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.