അറ്റ്ലസ് രാമചന്ദ്രൻ ഉടൻ ജയിൽ മോചിതനായേക്കും
തിരുവനന്തപുരം : യു.എ.ഇയിൽ ജയിലിലുള്ള പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ ഉടൻ മോചിതനായേക്കുമെന്ന് സൂചന. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്‍റെ ഇടപെടലും മധ്യസ്ഥരുടെ നീക്കവുമാണ് അനുകൂലമായത്.
ദുബൈയിൽ 2015 മുതൽ ജയിലിലാണ് രാമചന്ദ്രൻ. ബാങ്കുകൾക്ക് വായ്പ തിരിച്ചടവു മുടങ്ങിയതുമായി ബന്ധപ്പെട്ട കേസുകളിലാണ് രാമചന്ദ്രൻ അറസ്റ്റിലായത്. രാമചന്ദ്രന്റെ കുടുംബാംഗങ്ങൾ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനുമായി ചർച്ച നടത്തിയിരുന്നു. ബാധ്യതാ വിവരങ്ങൾ ഇദ്ദേഹം വഴി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി രാംമാധവിനും കൈമാറി.
തുടർന്ന് യു.എ.ഇയിലെ ഇന്ത്യൻ എംബസി വഴി അറ്റ്‌ലസ് രാമചന്ദ്രനെതിരെ കേസ് കൊടുത്ത 22ഓളം ബാങ്കുകളുമായി ചർച്ച നടത്തുകയും ജയിലിൽ നിന്നും പുറത്തു വന്നാൽ സ്വത്തുകൾ വിറ്റും കടം തീർക്കാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. സ്വത്തുവിവരം അറിഞ്ഞതോടെ, രാമചന്ദ്രൻ സത്യവാങ്മൂലം സമർപ്പിച്ചാൽ കേസിൽനിന്നു പിന്മാറും എന്നാണ് ബാങ്കുകൾ അറിയിച്ചത്. കടം വീട്ടാൻ അദ്ദേഹത്തിന് ശേഷിയുണ്ടെന്ന് ബോധ്യമായതോടെയാണിത്. എംബസി വഴി ഇതിനുള്ള രേഖകൾ കൈമാറി എന്നാണു വിവരം.
അതേസമയം അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിനായുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന പതിനൊന്നോളം കേസുകളിൽ ഭൂരിപക്ഷവും ഇതിനോടകം ഒത്തുതീർപ്പാക്കിയിട്ടുണ്ട്. രണ്ടോ മൂന്നോ പേരുമായി മാത്രമാണ് ഇനി ധാരണയിലെത്താനുള്ളത്. അവരും കൂടി സഹകരിച്ചാൽ അദ്ദേഹത്തിന് ജയിലിൽ നിന്ന് പുറത്തിറങ്ങാമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

