അമേരിക്കയിലുള്ള എൽ സാൽവദോർ ജനതയോട് നാട് വിടണമെന്ന് ട്രംപ്
വാഷിംഗ്ടൺ : അമേരിക്കയിലുള്ള എൽ സാൽവദോർ ജനതയോട് നാട് വിടണമെന്ന് പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. 18 മാസത്തെ സമയമാണ് അവർക്ക് അനുവദിച്ചിട്ടുള്ളത്. തിരികെ പോവുകയോ താമസം നിയമവിധേയമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയോ വേണമെന്നാണ് നിർദേശം.
2001ൽ 8000 പേരുടെ മരണത്തിനിടയാക്കിയ രണ്ട് വൻ ഭൂകന്പത്തെ തുടർന്നാണ് എൽ സാൽവദോറ ജനത അമേരിക്കയിലേക്ക് കുടിയേറിയത്. നിലവിൽ രണ്ട് ലക്ഷത്തോളം സാൽവദോറൻസാണ് അമേരിക്കയിലുള്ളത്. ഇവർക്ക് താൽക്കാലിക സംരക്ഷണ പദവിയാണ് അമേരിക്ക നൽകിയിട്ടുള്ളത്. ഈ പദവിയാണ് എടുത്തുകളയാൻ ഡിപ്പാർട്ട്മെന്റ്‍ ഓഫ് ഹോം ലാന്റ് സെക്യൂരിറ്റി തീരുമാനിച്ചിരിക്കുന്നത്. 2019 സെപ്റ്റംബർ 9 ആണ് ഇവർക്ക് നൽകിയിട്ടുള്ള സമയപരിധി. അതിനകം തിരികെ പോവുകയോ രാജ്യത്ത് തുടരാനുള്ള നിയമനടപടി സ്വീകരിക്കുകയോ വേണം. എൽ സാൽവദോറിലെ സ്ഥിതി മുൻകാലങ്ങളിലെ പോലെ ഇപ്പോൾ ദുഷ്കരമല്ലെന്ന് ഡി.എച്ച്.എസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തീരുമാനത്തിനെതിരെ അമേരിക്കയിലുള്ള സാൽവദോറൻസ് വൈകാരികമായാണ് പ്രതികരിക്കുന്നത്. തിരികെ പോകാനുള്ള ഒരു സാഹചര്യമല്ല അവരുടെ രാജ്യത്തുള്ളതെന്ന് അവർ പറയുന്നു.
ലോകത്തിലെ ഏറ്റവും മോശം രാജ്യങ്ങളിലൊന്നാണ് എൽ സാൽവദോർ. 2016ലെ കണക്കുകൾ പ്രകാരം ഒരുദിവസം 14 ആളുകൾ കൊല്ലപ്പെടുന്നുണ്ട്. തീർത്തും സുരക്ഷിതമല്ലാത്ത രാജ്യത്ത് തൊഴിലവസരങ്ങളും കുറവാണ്. ഈയവസ്ഥയിലുള്ള ഒരു രാജ്യത്തേക്ക് തിരികെ പോകണമെന്നാണ് രണ്ട് ലക്ഷത്തോളം വരുന്ന സാൽവദോറൻ ജനതയോട് ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ്. കുടിയേറ്റ നയങ്ങളിൽ മാറ്റം വരുത്തുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു.

